വിശാഖപട്ടണത്ത് ഇന്തോ-യുഎസ് സംയുക്ത സൈനിക പരിശീലനം - India, US tri-services exercise news
ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനത്തിനായി ഇന്തോ-യുഎസ് സംയുക്ത സൈനിക പരിശീലനം ആരംഭിച്ചു
വിശാഖപട്ടണം:ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനത്തിനായുള്ള ഇന്തോ-യുഎസ് സംയുക്ത സൈനിക പരിശീലനം വിശാഖപട്ടണത്തില്‍ ആരംഭിച്ചു. ദുരിതാശ്വാസ മാനുഷിക സേവന രംഗത്താണ് പരിശീലനം. ഇരു രാജ്യങ്ങളുടെയും കര, നാവിക, വ്യോമ സേനകൾ ബുധനാഴ്ച്ച മുതല്‍ ആരംഭിച്ച രണ്ടുഘട്ട പരിശീലനത്തിന്‍റെ ഭാഗമാകുന്നുണ്ട്. 16-ാം തീയ്യതി വരെ തുറമുഖം കേന്ദ്രീകരിച്ചും 17-ാം തീയ്യതി മുതല്‍ കടലിലുമാകും പരിശീലനം. ഇരു രാജ്യങ്ങളുടെയും സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനും പരിശീലന പരിപാടി സഹായിക്കും.
ഇന്ത്യന്‍ നേവിയുടെ കപ്പലായ ജലാശ്വ, ഐരാവത്, സന്ധ്യാങ്ക് എന്നിവയും ഇന്ത്യന്‍ ആർമ്മിയുടെ 19 മദ്രാസ് ബെറ്റാലിയനും ഏഴ് ഗാർഡുകളും വ്യോമസേനയുടെ എംഐ-17ഹെലിക്കോപ്ട്ടറും റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ സംഘവും പരിശീലനത്തിന്‍റെ ഭാഗമായി. നവംബർ 21 ന് യുഎസ് നേവൽ ഷിപ്പ് ജെർമാന്റൗണില്‍ നടക്കുന്ന സമാപന ചടങ്ങോടെ പരിശീലനം പരിപാടി സമാപിക്കും.