ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ. ഇൻഡോ പസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം. യു എസ് സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുക.
ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതിരോധമന്ത്രി രാജ്നാഥ് സിങും പങ്കെടുക്കും. ബേസിക് എക്സ്ചേഞ്ച് ആന്‍റ് കോപ്പറേഷന്‍ കരാറില്‍ ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പ് വയ്ക്കും. രാവിലെ 10ന് ഡൽഹി ഹൈദരാബാദ് ഹൗസിലാണ് ചർച്ച. യുഎസ് ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതും ചർച്ച ചെയ്യും.
അന്താരാഷ്ട്ര പങ്കാളികളുമായി യു.എസിന്‍റെ മൂന്നാമത്തെയും അവസാനത്തെയും അടിസ്ഥാന ധാരണയാണിത്. യുഎസ് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യക്ക് ശേഷം ശ്രീലങ്ക, മാലിദ്വീപ്, ഇന്ത്യോനേഷ്യ എന്നിവിടങ്ങളും യു.എസ്. സംഘം സന്ദർശിക്കും.
ഇന്ത്യ-യുഎസ് ടു പ്ലസ് ടു മന്ത്രിമാരുടെ സംഭാഷണം പ്രാദേശിക സുരക്ഷ സഹകരണം, പ്രതിരോധ വിവരങ്ങൾ പങ്കിടൽ, സൈനിക ഇടപെടൽ, പ്രതിരോധ വ്യാപാരം എന്നീ നാല് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥൻ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യയും ചൈനയും ഗുരുതരമായ സൈനിക ഏറ്റുമുട്ടലിൽ തുടരുന്ന സമയത്താണ് യുഎസ് സെക്രട്ടറിമാരുടെ സന്ദർശനം. അതേസമയം, ചൈനയും യുഎസും തമ്മിലുള്ള സംഘർഷങ്ങളും കുതിച്ചുയരുകയാണ്.