അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പ്രസംഗം തുടങ്ങിയത്. ഈ പരിപാടിയുടെ പേരില്‍ തന്നെ പ്രത്യേകതയുണ്ട്. നമസ്തേ എന്ന പദം വളരെ ആഴത്തിലുള്ളതാണ്. ലോകത്തിലെ ഏറ്റവും പഴയ ഭാഷകളിലൊന്നാണ് സംസ്കൃതം. ആ സംസ്കൃതത്തിലാണ് നമസ്തേ എന്ന പദം. ഈ പദത്തിനര്‍ഥം വ്യക്തിയെ മാത്രമല്ല, അവന്‍റെ ഉള്ളിലുള്ള ദൈവത്വത്തെയും ഞങ്ങൾ ബഹുമാനിക്കുന്നുവെന്നാണെന്നും മോദി പറഞ്ഞു.
ട്രംപിനും മെലാനിയക്കും നന്ദി പറഞ്ഞ് നരേന്ദ്ര മോദി
ഇന്ത്യയും യുഎസും ഗാഢമായ സൗഹൃദം നിലനിര്‍ത്തുന്ന രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയും യുഎസും തമ്മിലുള്ളത് പങ്കാളിത്ത രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, വളരെ വലുതും ഗാഢവുമായ ഒരു ബന്ധമാണെന്നും ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമുള്ളതും സന്തുഷ്ടവുമായ അമേരിക്കയ്ക്ക് വേണ്ടി പ്രഥമ വനിത മെലാനിയ ട്രംപ് നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിക്കാനും മോദി മറന്നില്ല. പ്രധാനമന്ത്രി തന്‍റെ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മെലാനിയ പുഞ്ചിരിയില്‍ മറുപടി നല്‍കി. പ്രഥമ വനിത മെലാനിയ, നിങ്ങളുടെ സാന്നിധ്യം ഞങ്ങളില്‍ ബഹുമാനമുണ്ടാക്കുന്നു. ആരോഗ്യദായകവും സന്തുഷ്ടവുമായ അമേരിക്കയ്ക്കായി നിങ്ങൾ ചെയ്ത പ്രയത്നം അഭിനന്ദനീയമാണ്. കുട്ടികൾക്കും സമൂഹത്തിനും വേണ്ടി നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. അഞ്ച് മാസം മുമ്പ് അമേരിക്കയിലെ ഹൗഡി മോദിയില്‍ ഞാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ അടുത്ത സുഹൃത്ത് ട്രംപ് അഹമ്മദാബാദില്‍ നമസ്തേ ട്രംപുമായി അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ യാത്ര ആരംഭിക്കുന്നു, മൊട്ടേര സ്റ്റേഡിയത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ഒരു ലക്ഷത്തോളം പേരാണ് നമസ്തേ ട്രംപില്‍ ഒത്തുകൂടിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഗവർണർ ആചാര്യ ദേവ്‌റത്ത്, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.