ന്യു ഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായി അൺലോക്ക് 5 മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഒക്ടോബർ 15 മുതല്‍ തിയേറ്ററുകൾ തുറക്കാൻ അനുമതി നല്‍കി. 50 ശതമാനം സീറ്റുകളില്‍ മാത്രം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകൾ പ്രവർത്തിപ്പിക്കാനാണ് അനുമതി. ഇത് സംബന്ധിച്ച വിശദമായ മാർഗ നിർദേശം ഉടൻ കേന്ദ്ര സർക്കാർ പുറത്തിറക്കും. കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത സ്ഥലങ്ങളിലെ തിയേറ്ററുകൾ മാത്രമാണ് തുറക്കാൻ അനുമതി. സ്വിമ്മിങ് പൂളുകളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.
തിയേറ്ററുകൾ തുറക്കാൻ അനുമതി; 'അൺലോക്ക് 5' പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ഒക്ടോബർ 15 മുതല്‍ തിയേറ്ററുകൾ തുറക്കാൻ അനുമതി നല്‍കി. 50 ശതമാനം സീറ്റുകളില്‍ മാത്രം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകൾ പ്രവർത്തിപ്പിക്കാനാണ് അനുമതി
അതേസമയം സ്കൂളുകൾ തുറക്കുന്നതില്‍ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസില്‍ പങ്കെടുപ്പിക്കാവൂ. സ്കൂളുകളില്‍ ഹാജരാകാൻ താത്പര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കണം. കണ്ടെയ്ൻമെന്‍റ് സോണുകൾക്ക് പുറത്ത് ബിസിനസ് ടു ബിസിനസ് എക്സിബിൻ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. ആളുകളുടെ എണ്ണം നിയന്ത്രിച്ച് പ്രദർശന ഹാളുകളും വിനോദ പാർക്കുകളും തുറക്കാം. രാജ്യത്തെ കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതിനിടെയാണ് അൺലോക്ക് 5 കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.