1979 ൽ രേഖപ്പെടുത്തിയ -5.2 ശതമാനത്തിലും താഴെയായിരിക്കും 2020ലെ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളർച്ചാ നിരക്ക്. ഇത് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയായിരിക്കും. ഭിന്നിപ്പ് രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയും, ശാസ്ത്രത്തിനെ നിരസിക്കുന്ന പ്രവണതയെക്കുറിച്ചും കൗശിക് ബസു ആശങ്ക പ്രകടിപ്പിച്ചു. കൊവിഡ് പ്രതിസന്ധിക്ക് മുന്നില്‍ പരാജയപ്പെട്ട രാജ്യങ്ങൾ ചെയ്‌ത തെറ്റ് ഇന്ത്യ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രൊഫ. കൗശിക് ബസു 2012 മുതൽ 2016 വരെ ലോക ബാങ്കിന്‍റെ ചീഫ് ഇക്കണോമിസ്റ്റായിരുന്നു. കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിരിന്നു. ഇപ്പോൾ അമേരിക്കയിലെ കോർനെൽ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് ഇദ്ദേഹം.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആഭ്യന്തര വളർച്ചാ നിരക്ക് 4.2 ശതമാനമായി കുറഞ്ഞു. 11 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ചുരുങ്ങുമെന്ന് നിരവധി റേറ്റിംഗ് ഏജൻസികൾ പ്രവചിച്ചിട്ടുണ്ട്. മറുവശത്ത്, കൊവിഡ് വ്യാപനം അതിവേഗം ഉയരുകയാണ്.
നാം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വ്യാപ്‌തിയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? ഈ പ്രതിസന്ധി എത്ര മോശമാണ്?
ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി വളരെ ആശങ്കാജനകമാണ്. കൊവിഡ് മഹാമാരി ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തിന് കാരണമായതിനാൽ ഇന്ത്യയിലെ അവസ്ഥ ഒരു പരിധി വരെ മനസ്സിലാക്കാം. എന്നാൽ പൊതുവായ മാന്ദ്യം ഒരു രാജ്യത്തിന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മാറ്റാൻ ഇടയാക്കരുത്. സമീപകാലത്ത് നാം കാണുന്നത് ഇന്ത്യ മിക്കവാറും എല്ലാ ആഗോള റാങ്കിംഗിലും പിന്നോട്ടു പോകുന്നതാണ്. 43 പ്രധാന സമ്പദ്‌വ്യവസ്ഥകൾക്കായി ഇക്കണോമിസ്റ്റ് മാസികയുടെ ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് ഓരോ ആഴ്‌ചയും പ്രഖ്യാപിക്കുന്ന റാങ്കിംഗിൽ, വർഷങ്ങളായി അതിവേഗം വളരുന്ന ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഇത് ഇപ്പോൾ ഇരുപത്തി മൂന്നാം റാങ്കിലേക്ക് താഴ്ന്നു. കൊവിഡ് വ്യാപനത്തിന് രണ്ട് വർഷം മുമ്പാണ് ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ആരംഭിച്ചത്. ലോക്ക് ഡൗണ്‍ നടപ്പിലാക്കിയ രീതി സമ്പദ്‌വ്യവസ്ഥയെ കൂടുതൽ താഴേക്കിറക്കി. ലോക്ക് ഡൗണിന് ശേഷം ഇന്ത്യയില്‍ തൊഴിലില്ലായ്‌മ നിരക്ക് 20 ശതമാനത്തിലധികം ഉയർന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ഇന്ത്യ പുരോഗമിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ എനിക്ക് നിരാശ തോന്നുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ എനിക്ക് സർക്കാരുമായി വിയോജിപ്പുണ്ട്, എന്നിരുന്നാലും, ഈ സർക്കാർ സാമ്പത്തിക വളർച്ച കൈവരിക്കുമെന്നായിരുന്നു എന്‍റെ പ്രതീക്ഷ. ഇന്ത്യയുടെ പ്രകടനം എന്നെ വല്ലാതെ നിരാശപ്പെടുത്തി. അടിസ്ഥാനപരമായ സൗകാര്യങ്ങളും രാജ്യത്തിനുള്ളിലെ യുവാക്കളുടെ കഴിവും കണക്കിലെടുക്കുമ്പോൾ, ലോകത്തിലെ അതിവേഗം വളരുന്ന രാജ്യമാകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. എന്നാൽ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇടിയുകയാണ്. 2020 ൽ ഇന്ത്യയുടെ വളർച്ച 1979ൽ രേഖപ്പെടുത്തിയ -5.2 ശതമാനത്തിൽ താഴെയാകാൻ സാധ്യതയുണ്ട്. ഇത് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റുവം മന്ദഗതിയിലുള്ള വളർച്ചയായിരിക്കും.
കേന്ദ്രസർക്കാരിന്‍റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? ഇത് സമ്പദ്‌വ്യവസ്ഥക്ക് ആവശ്യമായ ഉത്തേജനം നൽകുമോ?
20 ലക്ഷം കോടി രൂപ തീർച്ചയായും വലുതാണ്. ഇത് പ്രഖ്യാപിച്ചതിൽ ഞാൻ സന്തുഷ്‌ടനായിരുന്നു. ശരിയായി ഉപയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും.
പാക്കേജിൽ ആവശ്യക്കാർക്ക് മതിയായതും നേരിട്ടുള്ളതുമായ വരുമാന പിന്തുണയില്ലെന്ന ശക്തമായ വാദമുണ്ട്. ഇതിനെക്കുറിച്ചുള്ള താങ്കളുടെ കാഴ്‌പ്പാട് എന്താണ്?
അതൊരു ശരിയായ വിമർശനമാണ്. ഈ പ്രതിസന്ധിക്കിടയിൽ ഉടൻ തന്നെ ദരിദ്രരുടെ കൈകളിലേക്ക് പണം എത്തിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യണം. നിർഭാഗ്യവശാൽ, അത്തരം നയപരമായ നടപടി നാം കാണുന്നില്ല. ഇക്കാരണത്താൽ, 20 ലക്ഷം കോടി രൂപാ പാക്കേജ് പ്രഖ്യാപിച്ചതിൽ ഞാൻ സന്തുഷ്‌ടനാണെന്ന് പറയുമ്പോഴും, മതിയായ ഫോളോ-അപ്പ് നടപടികളുടെ അസാന്നിധ്യത്തില്‍, ഇത് വെറുമൊരു തലക്കെട്ടായി മാത്രമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ് ഞാൻ. പദ്ധതികൾ നടപ്പാക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ച നേരിടുന്നതിന്‍റെ പ്രധാന കാരണം.
നിങ്ങളുടെ കാഴ്‌ചപ്പാടിൽ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്? കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ എത്രത്തോളം തുടരുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നു?
കൃത്യമായി ലോക്ക് ഡൗണ്‍ നടപടികൾ സ്വീകരിക്കാത്തതും, അത് മൂലം സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മന്ദഗതിയിലായതും വൈറസ് പടരാൻ കാരണമായി. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ലോക്ക് ഡൗൺ കൈകാര്യം ചെയ്യുന്നതിന് നയങ്ങളെ പിന്തുണക്കാനുള്ള വിശദമായ പദ്ധതികൾ സർക്കാരിനുണ്ടായിരിക്കണമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തൊഴിൽ നഷ്‌ടപ്പെട്ടവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാരിന് പദ്ധതികൾ ഉണ്ടായിരിക്കണം. വിതരണ ശൃംഖലകൾ തകരുന്നില്ലെന്ന് ഉറപ്പാക്കാൻ നയങ്ങൾ ആവശ്യമാണ്. ആശുപത്രി സൗകര്യങ്ങളും, കൊവിഡ് പരിശോധനാ ലാബുകളും വളരെ വേഗം നിർമിക്കാനുള്ള പദ്ധതികളും ആവശ്യമായിരുന്നു. ഈ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോകും. ഇന്ത്യയിൽ സംഭവിച്ചത് ഇതാണ്. ഈ പിന്തുണാ നയങ്ങൾക്ക് തെളിവുകളൊന്നുമില്ലെന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പെട്ടെന്നുതന്നെ വ്യക്തമായി.
തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടപ്പെട്ടു. തുടന്ന് അവർ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോൾ വൈറസ് പടരാൻ തുടങ്ങി. ഏഷ്യയിലും ആഫ്രിക്കയിലും പകർച്ചവ്യാധി വളരെ കുറവാണ്. ലോക്ക് ഡൗൺ എത്രത്തോളം നീണ്ടുനിൽക്കും എന്നത് കൊവിഡ് ഇന്ത്യയില്‍ എത്രത്തോളം തുടരുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിൽ എനിക്ക് പ്രത്യേക അറിവില്ല. സാമ്പത്തിക പ്രത്യാഘാതങ്ങളെ സംബന്ധിച്ചിടത്തോളം നിലവിലെ അവസ്ഥ ഒരു നാഴികകല്ലായി അവലോകനം ചെയ്യപ്പെടും. അടിസ്ഥാനകാര്യങ്ങളുടെ കാര്യത്തിൽ, ഇന്ത്യ വളരെ ശക്തമാണ്. മികച്ച ഉന്നത വിദ്യാഭ്യാസം, വളരെ ശക്തമായിക്കൊണ്ടിരുന്ന ഒരു ഗവേഷണ മേഖല, വിവരസാങ്കേതിക മേഖലയിൽ വലിയ കരുത്ത് എന്നിവയെല്ലാം തന്നെ ഇന്ത്യ നേടിയിട്ടുണ്ട്. എന്നാൽ നാം വളരെയധികം നയപരമായ തെറ്റുകൾ വരുത്തുന്നുണ്ട്. ഈ കരുത്തുണ്ടായിട്ടും സമ്പദ്‌വ്യവസ്ഥ ദുർബലമാകുന്ന അവസ്ഥ ഒരു യഥാർഥ അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് എന്നെ വിഷമിപ്പിക്കുന്നു. ലൈസൻസ് പെർമിറ്റ് രാജിന്‍റെ നീണ്ട ചരിത്രമാണ് ഇന്ത്യയിലുള്ളത്. മുമ്പുണ്ടായിരുന്നതുപോലെ അനുമതികളുടെയും അമിത ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിന്‍റെയും ഒരു സംവിധാനം മുമ്പോട്ടുള്ള വഴിയില്‍ ദോഷം ചെയ്യും.
മിക്ക കുടിയേറ്റ തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങി. അണുബാധ ദിനംപ്രതി വർധിക്കുന്നതിനാൽ സമീപ ഭാവിയിൽ അവർ നഗരങ്ങളിലേക്ക് മടങ്ങില്ല. ഈ സാഹചര്യം നഗര-ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാം?