ചൈനയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ. തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിക്ക് പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തക സ്മിത ശർമ്മയുമായി നടത്തിയ ഒരു പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും പ്രാധാന്യം കൊടുകേണ്ട സ്ഥാനത്ത് മോദി സർക്കാർ എല്ലാ അന്താരാഷ്ട്ര തലങ്ങളിലും തീവ്രവാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി ശിവശങ്കർ മേനോൻ പറഞ്ഞു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ ആ വിഷയം പ്രചാരണ വിഷയമാക്കിയിട്ടില്ലെന്നും മേനോൻ അഭിപ്രായപ്പെട്ടു.
ചൈനയിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും വിദേശകാര്യ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ച മേനോന്‍റെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍
രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?
ശിവശങ്കർ മേനോൻ- രണ്ടാമത് ഉച്ചകോടി നടന്നുവെന്നതിന്‍റെ അർഥം ചെറിയ തോതിലെങ്കിലും ബന്ധങ്ങൾ നിലനിൽക്കുന്നുവെന്ന് അറിയിക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്നു എന്നാണ്. നിരവധി കാരണങ്ങളിലുള്ള അഭിപ്രായ ഭിന്നത മാറ്റിവച്ച് ട്രാക്കിലേക്ക് മടങ്ങുകയാണ് ഇവിടെ സംഭവിച്ചത്. ചൈന പാകിസ്ഥാനെ പിന്തുണച്ചതോ,കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചൈനീസ് പ്രതികരണമോ ഇവിടെ വിലങ്ങുതടിയായില്ല.നമുക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ്, ആഭ്യന്തര സമ്പദ്‌വ്യവസ്ഥ എന്നീ പ്രശ്നങ്ങളുണ്ട്. അതുപോലെ ചൈനക്കും അവരുടെ സമ്പദ്‌വ്യവസ്ഥ, താരിഫുകളിൽ യുഎസിന്‍റെ സമ്മർദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. വുഹാൻ വിജയകരമായ ഒരു ഉടമ്പടിയായി മാറിയതിനുള്ള പല കാരണങ്ങളിൽ ഒന്ന് ഇരുവിഭാഗത്തിന്‍റെയും താൽപര്യങ്ങൾ നിറവേറ്റി എന്നതാണ്. അതിന്‍റെ ഫലമാണ് മാമല്ലപുരത്ത് നമ്മൾ കണ്ടത്. എന്നാൽ പുറത്തുവന്ന പ്രസ്താവനകൾ വാർത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ മാമല്ലപുരം പ്രതീക്ഷിച്ച അത്രയും സുഗമമായിരുന്നില്ലെന്ന് വേണം കരുതാൻ. സാമ്പത്തിക ബന്ധം ഇരുപക്ഷവും വാഗ്ദാനം ചെയ്യുന്നതായി കാണുന്നു.
ഇമ്രാൻ ഖാന്‍റെ ചൈന സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്തതായി എഫ്എസ് ഗോഖലെ പറഞ്ഞു. കശ്മീർ പരാമർശം കൂടാതെ അത് ചർച്ച ചെയ്യാൻ കഴിയുമോ?
സ്വകാര്യ സംഭാഷണത്തിൽ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയില്ല. അവർ രണ്ടുപേരും ഒറ്റയ്ക്ക് ഒരുപാട് സമയം ചെലവഴിച്ചു. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതുവരെ ഇതിനെകുറിച്ച് പറയാൻ പ്രയാസമാണ്. പക്ഷേ ഇത് ഉപയോഗപ്രദമാണ്. അതിനെ കുറിച്ച് സംസാരിച്ചതിലൂടെ ബന്ധങ്ങൾ നിലനിൽക്കുന്നു എന്ന സന്ദേശം നൽകാനും അവർ ആഗ്രഹിച്ചു. ചൈനക്കാരുടെ ഒരു ചൊല്ലുണ്ട് ‘വാക്കുകൾ കേൾക്കുക, പെരുമാറ്റം ശ്രദ്ധിക്കുക.’ ഈ നിയമം ഇന്ത്യ-ചൈന ബന്ധങ്ങളിലും ബാധകമാണ്.
യുഎൻ സുരക്ഷാ സമിതിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പാകിസ്ഥാനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ആവശ്യമുള്ളതിനേക്കാൾ പ്രാധാന്യം ഈ പ്രശ്നത്തിന് നാം നൽകുന്നുണ്ടോ?
ഞങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന്‍റെ പര്യായമാണ് ഭീകരത. ആഭ്യന്തര രാഷ്ട്രീയം നീങ്ങുന്ന ഒരു ദിശയിലേക്ക് ആയിരിക്കില്ല വിദേശനയത്തിന്‍റെ ആവശ്യങ്ങൾ നീങ്ങുക. ഇത് അല്പം വ്യത്യസ്തമാണ്. അത് എന്തെങ്കിലും മാർഗത്താൽ സർക്കാർ പരിഹരിക്കേണ്ട വൈരുധ്യമാണ്.
അന്താരാഷ്ട്ര വേദിയിൽ തീവ്രവാദത്തെ ഒരു കേന്ദ്ര വിഷയമാക്കുന്നതിലെ വീഴ്ച എന്താണ്? ഭീകരത ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വെല്ലുവിളിയാണോ?
തീവ്രവാദത്താൽ മരിക്കുന്നവരുടെ എണ്ണം നോക്കുകയാണെങ്കിൽ അത് കൈകാര്യം ചെയ്യുന്നതിലെ നമ്മളുടെ വിജയം നോക്കുകയാണെങ്കിൽ നുഴഞ്ഞുകയറ്റം തീവ്രവാദ സംഭവങ്ങൾ എന്നിവയെ മുമ്പത്തേതിനേക്കാൾ മികച്ച രീതിയില്‍ നമ്മൾ നേരിടുന്നു. വാജ്‌പേയി സർക്കാരിന്‍റെ കാലഘട്ടം മുതൽ ഇന്ന് വരെയുള്ള സ്ഥിതി നോക്കുകയാണെങ്കിൽ നമ്മൾ തീവ്രവാദത്തെക്കുറിച്ച് ക്രമാനുഗതമായി പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. നിങ്ങൾ ആളുകളുടെ ഉപജീവനമാർഗം, ക്ഷേമം എന്നിവ നോക്കുകയാണെങ്കിൽ സാമ്പത്തിക പ്രശ്‌നങ്ങളാണ് അവരുടെ വില്ലൻ. ഭീകരത നമ്മുടെ ജീവിതത്തിൽ പ്രധാന പ്രശ്നം തന്നെയാണ്. പക്ഷെ അന്താരാഷ്ട്ര വേദിയിൽ ഇത് ആഭ്യന്തര പ്രശ്നമാക്കുന്നത് ന്യായമാണോയെന്ന് എനിക്ക് ഉറപ്പില്ല.
തീവ്രവാദത്തിന് മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നത് നിർത്തുകയാണെങ്കിൽ അത് കുറയുമെന്ന് അജിത് ദോവൽ പറഞ്ഞു. ഇത് ആഭ്യന്തര പ്രശ്‌നമായി നിരന്തരം ഉന്നയിക്കുന്ന സർക്കാരിനും ഇത് ബാധകമാണോ?
എല്ലാവർക്കും ഇത് ബാധകമാണെന്ന് ഞാൻ കരുതുന്നു. ഉള്ളതിലധികം തീവ്രവാദികളെ നമ്മൾ പുറത്തുകാട്ടരുത്. എന്നാൽ 2008ലെ മുംബൈ ആക്രമണ സമയത്തും തീവ്രവാദം കേന്ദ്ര വിഷയമായിരുന്നു. ഇന്ന് സർക്കാർ അന്താരാഷ്ട്ര വേദിയിൽ തീവ്രവാദത്തെ നിരന്തരം ഉയർത്തുകയും ഫ്ലാഗുചെയ്യുകയും ചെയ്യുന്നതിനാൽ തീവ്രവാദത്തിനെതിരെ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ കഴിഞ്ഞു, മസൂദ് അസ്ഹറിനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ ചാരപട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ വിജയിച്ചു.
മുംബൈ ആക്രമണത്തെക്കുറിച്ച് നോക്കുകയാണെങ്കിൽ പൊതുതെരഞ്ഞെടുപ്പിന് ആറുമാസം മുമ്പാണ് ഇത് സംഭവിച്ചത്. പ്രതിപക്ഷം ജനുവരിയിൽ രണ്ടുതവണ ഇത് ഉയർത്താൻ ശ്രമിച്ചു. രണ്ടുതവണയും പൊതുജനങ്ങൾ പിന്നോട്ട് പോയത് എന്തുകൊണ്ടാണ്?
നിങ്ങൾ ഒരു ദേശീയ ദുരന്തവുമായി രാഷ്ട്രീയം കളിക്കുന്നു എന്ന തോന്നൽ ജനിച്ചതുകൊണ്ടാണത്. മുംബൈ ആക്രമണം പോലുള്ള ഒരു സംഭവത്തിന് ആറുമാസത്തിനുള്ളിൽ തീവ്രവാദം പ്രചാരണ വിഷയമാകാതെ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നു എന്നത് ശ്രദ്ധേയമാണ്. അവിടെ പ്രചരണവിഷയമായത് പ്രധാനമായും സാമ്പത്തിക പ്രശ്‌നങ്ങളും ജനങ്ങളും ആയിരുന്നു.