ജെയ്‌ഷെമുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക്കൈമാറി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം സുരക്ഷാ സമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്.
ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് അസറിനെതിരായ തെളിവുകള്‍ നല്‍കിയത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസ്, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് സുരക്ഷാ സമിതിയില്‍ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. പ്രമേയത്തില്‍ മാര്‍ച്ച് 13 വരെ നിലപാട് അറിയിക്കാം.
ജമ്മുവിലെ ജെയ്‌ഷെ ഭീകരവാദികളും പാകിസ്ഥാനിലെ ജെയ്‌ഷെ ഭീകരവാദികളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സമിതി ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷ. ഈ തെളിവുകളുടെ കൂട്ടത്തില്‍ അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്‍കിയ തെളിവുകളുമുണ്ട്.
നേരത്തെ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ തെളിവുകള്‍ ഉപയോഗിച്ച് ചൈനയുടെ എതിര്‍പ്പിനെ മറികടക്കാനാണ് ഇന്ത്യയുടെ നീക്കം. മസൂദ് അസറിനെതിരെ തെളിവുകളില്ലെന്ന വാദം ഉയര്‍ത്തിയാണ് ചൈന പ്രമേയത്തെ എതിര്‍ത്തത്.