കേരളം

kerala

ETV Bharat / bharat

ബംഗ്ലാദേശുമായുള്ള ബന്ധം ഊട്ടിയുറുപ്പിക്കാനൊരുങ്ങി ഇന്ത്യ - India reaches out to Bangladesh

ബംഗ്ലാദേശിനു മേലുള്ള ചൈനയുടെ സ്വാധീനം വർധിച്ചു വരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിനെ വീണ്ടും തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടു വരുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃങ്ക്‌ള ധാക്കയിലേക്ക് പോയത്.

India reaches out to Bangladesh amid china's growing influence  ബംഗ്ലാദേശുമായുള്ള ബന്ധം ഊട്ടിയുറുപ്പിക്കാനൊരുങ്ങി ഇന്ത്യ  ബംഗ്ലാദേശ്  ഇന്ത്യ  India reaches out to Bangladesh  china's growing influence
ഇന്ത്യ

By

Published : Aug 19, 2020, 6:41 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃങ്ക്‌ള ഇക്കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ധാക്കയിലേക്ക് പോയത് ബംഗ്ലാദേശിനുമേലുള്ള ചൈനയുടെ സ്വാധീനം വർധിച്ചു വരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിനെ വീണ്ടും തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടു വരുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തിന്‍റെ ഭാഗമായാണ്. തുടക്കത്തില്‍ ഒരു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനം എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പിന്നീട് രണ്ട് ദിവസത്തെ ഔദ്യോഗിക യാത്രയായി മാറി. ഈ വര്‍ഷം മാര്‍ച്ചില്‍ കൊവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ശൃങ്ക്‌ളയുടെ ആദ്യ വിദേശ യാത്രയായിരുന്നു.

ഒറ്റവരിയിലുള്ള പ്രസ്താവനയിലൂടെ വിദേശ കാര്യ മന്ത്രാലയം ശൃങ്ക്‌ള ഓഗസ്റ്റ്-18, 19 തീയതികളില്‍ “പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി സഹകരണം മുന്നോട്ട് കൊണ്ടു പോകുന്നതിനായി'' ധാക്ക സന്ദര്‍ശിക്കും എന്ന് അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടര്‍മാരുമായി വിദേശ കാര്യ മന്ത്രാലയ ഓഫീസില്‍ നടത്തിയ ഇടപഴകലില്‍ ബംഗ്ലാദേശിന്‍റെ വിദേശ കാര്യ സെക്രട്ടറി മസൂദ് ബിന്‍ മോമ്മന്‍ ഇന്ത്യയുടെ സന്ദര്‍ശനത്തെ കുറിച്ച് എന്തെങ്കിലും പറയുവാന്‍ വിസ്സമ്മതിച്ചു.

ബുധനാഴ്ച നിശ്ചയിച്ചിരിക്കുന്ന ശൃങ്ക്‌ളയുമായുള്ള കൂടിക്കാഴ്ചയില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിക്കുന്നതും ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷണത്തിലിരിക്കുന്നതുമായ കൊവിഡ് പ്രതിരോധ മരുന്ന് ബംഗ്ലാദേശിനു ലഭ്യമാക്കുന്നതിനുള്ള വഴികള്‍ ആരായും എന്നാണ് അദ്ദേഹം പറഞ്ഞത്.

ബിഡി ന്യൂസ് 24 ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, പരീക്ഷണങ്ങള്‍ വിജയകരമായി തീര്‍ന്നാല്‍ ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ദശലക്ഷ കണക്കിനു ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പോകുന്ന ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രതിരോധ മരുന്നിന്‍റെ ബംഗ്ലാദേശിലെ പരീക്ഷണത്തെ കുറിച്ച് ധാക്ക ചര്‍ച്ച ചെയ്യും എന്നാണ് അറിയുന്നത്.

ബംഗ്ലാദേശ് ലഭ്യമായ എല്ലാ പ്രതിരോധ മരുന്നുകളും സംഘടിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ്. ചൈനയോ റഷ്യയോ അമേരിക്കയോ നിര്‍മിച്ച ഏത് പ്രതിരോധ മരുന്നായാലും അത് ലഭ്യമാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി കാര്യങ്ങള്‍ ഇന്ത്യയുമായി ബംഗ്ലാദേശ് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

ബംഗ്ലാദേശ് ദേശീയ മെഡിക്കല്‍ ഗവേഷണ ഏജന്‍സി ചൈനയിലെ സിനോവാക് ബയോടെക് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത കൊവിഡ്-19നെതിരെയുള്ള പ്രതിരോധ മരുന്നിന്‍റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് നടത്തുവാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. മുമ്പ് ബംഗ്ലാദേശിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുള്ള ശൃങ്ക്‌ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയേയും വിദേശ കാര്യ മന്ത്രി എ. കെ. അബ്ദുള്‍ മോമ്മനേയും ഈ സന്ദര്‍ശന വേളയില്‍ കാണുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും ലഡാക്കിലെ അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലും ഈ അടുത്ത കാലത്തായി ബംഗ്ലാദേശിനു മേല്‍ ചൈനയുടെ സ്വാധീനം വർധിച്ചു കൊണ്ടിരിക്കുന്നത് ചെറുക്കുക എന്നുള്ള ലക്ഷ്യം വെച്ചുകൊണ്ടാണ് ശൃങ്ക്‌ളയുടെ സന്ദര്‍ശനം എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. തീസ്താ നദിയിലെ ജല വിനിയോഗത്തിനായി ഒരു ബില്ല്യണ്‍ ഡോളര്‍ വായ്പ ബംഗ്ലാദേശിന് നല്‍കുവാന്‍ ഈയിടെ ചൈന തീരുമാനിച്ചതാണ് ഇന്ത്യക്ക് പുതിയ തലവേദന ഉളവാക്കിയിരിക്കുന്നത്. ബംഗ്ലാദേശില്‍ ആദ്യമായാണ് ചൈന നദീ ജല വിനിയോഗ പദ്ധതിയില്‍ പങ്കാളികളാവുന്നത്.

ഇന്ത്യയുടെ ഏറ്റവും അടുപ്പമുള്ള അയല്‍ക്കാരില്‍ ഒരാളാണ് ബംഗ്ലാദേശ് എങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ ദശാബ്ദങ്ങളായി തുടര്‍ന്നു വരുന്ന ഒരു തര്‍ക്ക വിഷയമാണ് തീസ്താ നദീ ജലം. 2011-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ് ധാക്ക സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ ബംഗ്ലാദേശുമായി തീസ്താ നദീ ജലം പങ്കു വെക്കുന്നതായി ബന്ധപ്പെട്ട കരാറില്‍ ഏതാണ്ട് ഒപ്പു വെക്കുന്ന അവസ്ഥയില്‍ എത്തിയിരുന്നു. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ എതിര്‍പ്പുകള്‍ മൂലം അത് അവസാന നിമിഷം വേണ്ടെന്ന് വെക്കുകയായിരുന്നു. കിഴക്കന്‍ ഹിമാലയത്തില്‍ നിന്നും ഉല്‍ഭവിച്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളായ സിക്കിമിലൂടെയും പശ്ചിമ ബംഗാളിലൂടെയും ഒഴുകി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്ന നദിയാണ് തീസ്ത. ഈ നദി ബംഗ്ലാദേശിലെ സമതലങ്ങളില്‍ വെള്ളപൊക്കമുണ്ടാക്കുന്ന പ്രധാന സ്രോതസ്സാണെങ്കിലും മഞ്ഞ് കാലത്ത് ഏതാണ്ട് രണ്ട് മാസത്തോളം അത് വരണ്ടു പോകും.

1996-ലെ ഗംഗാ ജല കരാറിന്‍റെ മാതൃകയിൽ ഇന്ത്യയില്‍ നിന്ന് വരുന്ന തീസ്തയിലെ ജലം തുല്യമായ രീതിയില്‍ പങ്കു വെക്കണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യം. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ ഫറാക്ക മണല്‍ തിട്ടയിലെ ജലത്തിന്‍റെ പങ്കിടല്‍ സംബന്ധിച്ച് ഉണ്ടാക്കിയ കരാറായിരുന്നു ഇത്. പക്ഷെ ബംഗ്ലാദേശിന്‍റെ ഈ ആവശ്യം നടപ്പായിട്ടില്ല. അതിര്‍ത്തി കടന്നുള്ള കരാറുകള്‍ക്ക് മേല്‍ ഓരോ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്വാധീനമുള്ളതിനാല്‍ തീസ്താ കരാര്‍ ശരിവെക്കുവാന്‍ പശ്ചിമ ബംഗാള്‍ തയ്യാറായില്ല. വിദേശ നയത്തിന് വിലങ്ങു തടിയായുള്ള തീരുമാനമായിരുന്നു അത്. ഇന്നിപ്പോള്‍ ഗ്രേറ്റര്‍ രംഗ്പൂള്‍ മേഖലയില്‍ തീസ്താ നദി സമഗ്ര മാനേജ്‌മെന്‍റ്, പുനരുജ്ജീവന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്ന ബംഗ്ലാദേശ് 853 ദശലക്ഷം ഡോളര്‍ അതിനു വേണ്ടി ചൈനയില്‍ നിന്ന് കടം ചോദിക്കുകയും അവരത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. 983 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഈ പദ്ധതി തീസ്തയിലെ ജലം സംഭരിക്കുവാനുള്ള ഒരു പടുകൂറ്റന്‍ ജല സംഭരണി സൃഷ്ടിക്കുവാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ കിഴക്കന്‍ അയല്‍ക്കാരായ ബംഗ്ലാദേശില്‍ ചൈന പ്രതിരോധ പദ്ധതികള്‍ പലതും അതിവേഗത്തില്‍ നടപ്പിലാക്കി വരികയാണ്. കോക്‌സ് ബസാറിലെ പേക്കുവ താവളത്തില്‍ ബി എന്‍ എസ് ഷേയ്ഖ് ഹസീന മുങ്ങി കപ്പല്‍ താവളവും അതിലേക്ക് ബംഗ്ലാദേശ് നാവിക സേനയ്ക്കായി രണ്ട് മുങ്ങി കപ്പലുകളും ചൈന നിര്‍മിച്ചു നല്‍കുന്നുണ്ട്.

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങിന്‍റെ പ്രിയപ്പെട്ട ബെല്‍റ്റ് ആൻഡ് റോഡ് ഇനീഷേറ്റീവ് (ബി ആര്‍ ഐ) പദ്ധതിയും പ്രധാനമന്ത്രി ഹസീന സ്വീകരിച്ചിരിക്കുന്നു എന്നുള്ളതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉല്‍കണ്ഠയുളവാക്കുന്ന മറ്റൊരു പ്രശ്‌നമാണ്. പദ്ധതിയിലെ ഏറ്റവും നിര്‍ണ്ണായകമായ ഒന്നായ ചൈനാ പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സി പി ഇ സി) പാക് അധീന കശ്മീരിലൂടെ (പി ഒ കെ) കടന്നു പോകുന്നു എന്നതിനാല്‍ ഇന്ത്യ ബി ആര്‍ ഐ യുടെ ഭാഗമായി മാറുവാന്‍ വിസ്സമ്മതിക്കുകയായിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ബംഗ്ലാദേശുമായാണ് ഇന്ത്യക്ക് ഏറ്റവും അടുത്ത ബന്ധമുള്ളതെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ സമുദ്രോപരിതല മാനേജ്‌മെന്‍റ് പദ്ധതികളില്‍ സഹായിക്കാമെന്ന് ബംഗ്ലാദേശ് ചൈനയ്ക്ക് വാക്കു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹസീന ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 7 കരാറുകളും 3 പദ്ധതികളും അവസാന രൂപം നല്‍കി ഒപ്പു വെച്ചിട്ടും ഇതൊക്കെയാണ് സംഭവിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് അങ്ങോട്ടും അവിടെ നിന്ന് ഇന്ത്യയിലേക്കും സഞ്ചാരം ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശിന്‍റെ ഛത്തോഗ്രാം, മോങ്ക്‌ള തുറമുഖങ്ങള്‍ ഉപയോഗിക്കുവാനുള്ള അനുമതി, ഇന്ത്യയുടെ ത്രിപുരയിലുള്ള സോനാമുറയ്ക്കും ബംഗ്ലാദേശിലെ ദൗത്കണ്ടിക്കുമിടയില്‍ ജല വ്യാപാര ഗതാഗതം, ബംഗ്ലാദേശിന് ഇന്ത്യ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള എട്ട് ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന വായ്പകളുടെ നടപ്പാക്കല്‍ എന്നിവ കരാറുകളില്‍ ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും ജനങ്ങള്‍ തമ്മിലുള്ള ഇടപഴകലുകളും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍, മറ്റ് ഗതാഗത ബന്ധങ്ങള്‍ പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. ബംഗ്ലാദേശ് റെയില്‍ വേക്ക് ഉപയോഗിക്കുന്നതിനായി കഴിഞ്ഞ മാസം ഇന്ത്യ 10 ബ്രോഡ്‌ഗേജ് തീവണ്ടി എഞ്ചിനുകള്‍ നല്‍കുകയുണ്ടായി.

ദ്രവീകൃത പെട്രോളിയം വാതകം (എല്‍ പി ജി) ബംഗ്ലാദേശില്‍ നിന്നും വന്‍ തോതില്‍ ഇറക്കുമതി ചെയ്യുക, ധാക്കയിലെ രാമകൃഷ്ണാ മിഷണില്‍ വിവേകാനന്ദ ഭവന്‍ എന്ന വിദ്യാര്‍ത്ഥി ഹോസ്റ്റല്‍, ഒരു ബംഗ്ലാദേശ് ഇന്ത്യ പ്രൊഫഷണല്‍ സ്‌കില്‍ ഡവലപ്‌മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ബി ഐ പി എസ് ഡി ഐ) ബംഗ്ലാദേശിലെ കുല്‍ന്നയിലുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഡിപ്ലോമ എഞ്ചിനീയേഴ്‌സ് ബംഗ്ലാദേശില്‍ (ഐ ഡി ഇ ബി) സ്ഥാപിക്കുക എന്നിവയാണ് മൂന്ന് പദ്ധതികള്‍. ഈ മാസം ആദ്യം ഇന്ത്യ വിദേശ കാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായ (അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടികളും) വിക്രം ദ്വരൈസ്വാമിയെ ബംഗ്ലാദേശിലെ ഹൈക്കമ്മീഷണറായി നിയമിച്ചിരുന്നു. ധാക്കയെ പാട്ടിലാക്കിയെടുക്കാനുള്ള ബീജിങ്ങിന്‍റെ നടപടികള്‍ക്ക് തടയിടാനുള്ള ഇന്ത്യയുടെ തന്ത്രമായാണ് ഈ നിയമനത്തെ കാണുന്നത്. മന്ദാരിന്‍, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുള്ള ദ്വരൈസ്വാമി ന്യൂ ഡല്‍ഹിയിലെ വിദേശ കാര്യ മന്ത്രാലയത്തില്‍ അമേരിക്ക വിഭാഗം ജോയ്ന്റ് സെക്രട്ടറിയായും ഇന്‍ഡോ-പസഫിക് തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യ അമേരിക്കക്കും ജപ്പാനും ഓസ്‌ട്രേലിയക്കും ഒപ്പം ചേര്‍ന്നു കൊണ്ട് ഇന്‍ഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും ഉന്നമനത്തിനുമായി ഒരു ക്വാഡില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജപ്പാന്‍റെ കിഴക്കന്‍ തീരം മുതല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരം വരെ നീളുന്ന ഇന്‍ഡൊ-പസഫിക്കില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനയുടെ സ്വാധീനം കണക്കിലെടുത്തു കൊണ്ടാണ് ഈ നീക്കം. ഇക്കാര്യങ്ങളുടെ എല്ലാം പശ്ചാത്തലത്തിലാണ് ധാക്കയിലേക്കുള്ള ശൃങ്ക്‌ളയുടെ പെട്ടെന്നുള്ള സന്ദര്‍ശനം നിരീക്ഷകരില്‍ താല്‍പ്പര്യം ഉണര്‍ത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details