കശ്മീര്‍ പ്രശ്നം: പാകിസ്ഥാനെതിരെ കുമം മിനി ദേവി
ഇന്ത്യയുടെ തീരുമാനങ്ങള്‍ തെറ്റായി ചിത്രീകരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്
ജനീവ:ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ ആദ്യ യുഎന്‍എച്ച്ആര്‍സി സെക്രട്ടറി കുമം മിനി ദേവി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പിന്തുണ നേടുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി അവര്‍ രംഗത്തെത്തിയത്.
കശ്മീര്‍ വിഷയം ഇന്ത്യയുടെ പരമാധികാരത്തില്‍ ഉള്‍പ്പെടുന്ന പ്രാദേശിക വിഷയമാണെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ തീരുമാനങ്ങള്‍ തെറ്റായി ചിത്രീകരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. പാക് അധീന കാശ്മീരില്‍ ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രദേശത്ത് ബലാത്സംഗം, കൊലപാതകം, പൗരാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും പീഡിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങള്‍ നടക്കുകയാണ്. ഇവിടങ്ങളില്‍ ഭരണകൂടത്തിനെതിരെ ഉയരുന്നു ശബ്ദങ്ങൾ ഇല്ലാതാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തിന്‍റെ ഭാഗമായി നടന്ന 42 സെഷനുകളിലും കശ്മീര്‍ വിഷയം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. 57 മെമ്പര്‍മാരുള്ള ഓര്‍ഗനൈസേഷന്‍ ഓപ് ഇസ്ലാമിക്ക് കോര്‍പ്പറേഷന്‍റെ സഹായത്തോടെ പ്രമേയം അവതരിപ്പിക്കാനായിരുന്നു പാക് ശ്രമം.