ന്യൂഡൽഹി: ആഗോള കൊവിഡ് -19 മുക്തി നിരക്കിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ 42 ലക്ഷത്തിലധികം (42,08,431) കൊവിഡ് ബാധിതർ രോഗമുക്തി നേടി ആശുപത്രി വിട്ടു. റാപിഡ് ആന്‍റിജൻ പരിശോധന, കൃത്യമായ നിരീക്ഷണം, ട്രാക്കിങ് കൂടാതെ ഉയർന്ന നിലവാരമുള്ള ക്ലിനിക്കൽ പരിചരണം എന്നീ നടപടികളാണ് ആഗോള നേട്ടത്തിന് കാരണമായി അധികൃതർ പറയുന്നത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണുള്ളത്. മഹാരാഷ്ട്രയിൽ മാത്രം 23 ശതമാനം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ടെടുത്ത ആകെ കേസുകളിൽ 90 ശതമാനവും 15 സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നോ ആണ്.