ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ പോലെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അണുബാധ നിർണയിക്കാൻ ആവശ്യമായ പരിശോധനകൾ വലിയ തോതിൽ നടത്തുന്നില്ല എന്നത് ആശങ്കാജനകമാണ്. 6.70 കോടി ജനസംഖ്യയുള്ള ബ്രിട്ടണിൽ പതിനായിരത്തോളം കൊവിഡ് നിര്‍ണയ പരിശോധനകളാണ് നടത്തുന്നത്. എന്നാൽ 130 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രതിദിനം പതിനായിരത്തില്‍ താഴെ രോഗ നിര്‍ണയ പരിശോധനകള്‍ മാത്രമാണ് നടത്തുന്നത്.
ഏപ്രില്‍ അവസാനത്തോടെ പ്രതിദിനം ഒരു ദശലക്ഷം പരീക്ഷണങ്ങൾ നടത്താൻ ബ്രിട്ടൺ തയ്യാറെടുക്കുകയാണ്. കഠിനമായ കൊവിഡ് ലക്ഷണങ്ങളുള്ളവരെ മാത്രമാണ് ഇന്ത്യയിൽ പരിശോധിക്കുന്നത്. വൈറസിനെ ഫലപ്രദമായി നേരിടാൻ ഇതിന് സാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ പോലും പരിശോധിക്കണം. അത്തരം നടപടികൾക്ക് ശരിയായ പ്രാധാന്യം നൽകിയില്ലെങ്കിൽ, ചെറിയ ലക്ഷണങ്ങളുള്ള ആളുകൾ സ്വതന്ത്രമായി സഞ്ചരിക്കുകയും, അത് സാമൂഹ വ്യാപനത്തിന് കാരണമാകുകയും ചെയ്യും. ഇതോടെ രാജ്യത്തെ സാഹചര്യങ്ങള്‍ ഇതിലും ദുഷ്‌കരമായി മാറും.
ദക്ഷിണ കൊറിയയിലും ജർമനിയിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറയാനുള്ള ഏക കാരണം, രോഗലക്ഷണങ്ങളുടെ കാഠിന്യം കണക്കിലെടുക്കാതെ ഭൂരിപക്ഷം ആളുകളെയും പരിശോധനക്ക് വിധേയരാക്കി എന്നതാണ്. നേരിയ ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുകയും, ശരിയായ സമയത്ത് ചികിത്സിക്കുന്നതും, രാജ്യത്തെ രോഗ ബാധിതരുടെ ശരാശരി നിരക്ക് കുറയ്ക്കാൻ സഹായിക്കും. 8.37 ദശലക്ഷം ജനസംഖ്യയുള്ള ജർമ്മനിയിലെ രോഗ നിര്‍ണയ പരിശോധനകളുടെ എണ്ണം 30000 ആണ്. ഉടൻ തന്നെ പരിശോധന നിരക്ക് 50,000 ആയി ഉയർത്തുമെന്ന് ജര്‍മ്മന്‍ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 5.12 കോടി ജനസംഖ്യയുള്ള ദക്ഷിണ കൊറിയ ഇതിനകം 4.5 ലക്ഷം പേരെ പരിശോധിച്ചതായി അറിയിച്ചു. പ്രതിദിനം ദക്ഷിണ കൊറിയ ഏകദേശം 11,000 ആളുകളെ പരിശോധിക്കുന്നു.
ജർമനി സ്വീകരിച്ച മുൻകരുതൽ നടപടികൾ
ചൈനയിൽ നിന്നും കൊവിഡിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്ന നിമിഷം മുതൽ വൈറസ് സാന്നിധ്യം നിർണ്ണയിക്കാൻ കഴിയുന്ന മെഡിക്കൽ കിറ്റുകൾ വികസിപ്പിക്കാൻ ജർമനിയിലെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അധികൃതർ നിർദേശം നൽകി. ജനുവരി അവസാനത്തോടെ, ആദ്യത്തെ മോഡൽ കിറ്റുകൾ അധികൃതർ തയ്യാറാക്കുകയും, ആഴ്‌ചകൾക്കകം അതിന്‍റെ മെച്ചപ്പെടുത്തിയ മോഡല്‍ വികസിപ്പിക്കുകയും, രാജ്യമെമ്പാടുമുള്ള ലാബുകളിൽ വിതരണം ചെയ്യുകയും ചെയ്‌തു. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പുതന്നെ, മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ കൊവിഡും ജര്‍മന്‍ അധികൃതര്‍ ഉൾപ്പെടുത്തിക്കഴിഞ്ഞു.
പ്രാരംഭ ഘട്ടത്തിൽ തന്നെ അണുബാധ കണ്ടെത്തിയാൽ രോഗിയുടെ ചികിത്സ പ്രയാസമാകില്ലെന്ന് ജർമനിയിലെ ആരോഗ്യ ഗവേഷകര്‍ മനസിലാക്കി. ആവശ്യമായ മുൻകരുതൽ നടപടികളോടെ പ്രവർത്തിച്ച ജര്‍മനിയിൽ 91,159 രോഗബാധിതരിൽ 1275 പേർ മാത്രമാണ് മരിച്ചത്. അതേസമയം മുൻകരുതലുകള്‍ എടുക്കാത്ത ഫ്രാൻസിലെ കണക്കെടുത്താൽ 82,165 രോഗബാധിതരില്‍ 6507 പേരാണ് മരിച്ചത്.
മാനവ വിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ ജർമനിയിൽ ശക്തമായ വൈദ്യശാസ്ത്ര വ്യവസ്ഥകളുണ്ട്. ഈ അവസരത്തില്‍ ഫ്രാൻസ്, ഇറ്റലി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോലും ജര്‍മനിക്ക് തങ്ങളുടെ കൊവിഡ് പരിപാലന സേവനങ്ങള്‍ വ്യാപിപ്പിക്കാൻ സാധ്യമായി. ഗുരുതരമായ അവസ്ഥയിലുള്ള ചില രോഗികളെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ജർമൻ ആശുപത്രികളിൽ ചികിത്സക്കെത്തിച്ചു. സ്ഥിതിഗതികൾ കൂടുതൽ ഫലപ്രദമായി നേരിടാൻ ജർമനി നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.
ബ്രിട്ടണിലെ നിയമങ്ങൾ ലംഘിച്ചാൽ കനത്ത പിഴ
നീണ്ട ശൈത്യകാലത്തിനു ശേഷം ബ്രിട്ടൺ വസന്തത്തിലേക്ക് കാലെടുത്തുവെയ്ക്കുകയാണ്. പകൽ താപനില ഏകദേശം 20 ഡിഗ്രി സെൽഷ്യസാണ്. ഈ കാലാവസ്ഥയിൽ ആളുകൾ വീട്ടിന് പുറത്തിറങ്ങുന്നത് തടയാൻ ബുദ്ധിമുട്ടാണ്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവർക്ക് സർക്കാർ കനത്ത പിഴ ചുമത്തുന്നുണ്ട്. പ്രധാന ആശുപത്രികളില്‍ തിരക്ക് ഒഴിവാക്കാന്‍ വേണ്ടി രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രാഥമിക രോഗനിർണയ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ ശ്രദ്ധിച്ചു. ബജറ്റിന്‍റെ 15 ശതമാനം പൊതുജനാരോഗ്യത്തിനായി ചെലവഴിക്കുകയാണ്. എല്ലാവർക്കും ഒരേ രീതിയിലുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് ബ്രിട്ടന്‍റെ ശ്രമം.