ജനീവ: കശ്മീർ വിഷയത്തിലെ പാകിസ്ഥാൻ പരാമർശങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമാണ് പാകിസ്ഥാൻ. മനുഷ്യാവകാശത്തെക്കുറിച്ച് പറയാൻ പാകിസ്ഥാന് അവകാശമില്ലെന്നും യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ അറിയിച്ചു.
കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീരിലെ ജനങ്ങൾക്ക് അവകാശങ്ങൾ ഉറപ്പാക്കാനായി. കശ്മീർ വിഷയത്തിൽ എടുത്ത തീരുമാനം പാർലമെന്‍റിന്‍റെ അധികാര പരിധിയിൽ നിന്നാണെന്നും ഇന്ത്യ അറിയിച്ചു.
വിഷയത്തിൽ മൂന്നാമതൊരാൾ ഇടപെടരുതെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ഒരു രാജ്യത്തിനും ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ അവകാശമില്ല. ഭീകരവാദത്തിനെതിരെ ലോകം മൗനം പാലിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടത്.
വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂർ സിംഗും പാകിസ്ഥാൻ പുറത്താക്കിയ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയും ഉൾപ്പടെയുള്ള ഉന്നതതല സംഘമാണ് യുഎൻ മനുഷ്യാവകാശകൗൺസിലിൽ പങ്കെടുത്തത്.