ലോകം മുഴുവന്‍ കൊവിഡ്-19 മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉഭയകകഷി ബന്ധങ്ങളില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയും ഇന്തോനേഷ്യയും. നിരവധി മുസ്ലീങ്ങളടക്കം ചുരുങ്ങിയത് 50 പേരുടെ ജീവനെങ്കിലും അപഹരിച്ച ഡല്‍ഹി കലാപത്തിന്‍റെ ഉല്‍കണ്ഠ അറിയിക്കുന്നതിനായി രണ്ടാഴ്ച മുന്‍പ് ഇന്തോനേഷ്യയുടെ വിദേശ കാര്യ മന്ത്രാലയം ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സ്ഥാനപതി പ്രദീപ് കുമാര്‍ റാവത്തിനെ വിളിച്ചു വരുത്തിയിരുന്നു. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസിക്കു പുറത്തും മെതാനിലെ ഇന്ത്യന്‍ കോണ്‍സിലേറ്റിനു പുറത്തും കഴിഞ്ഞ രണ്ടാഴ്ചകളായി വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നു വരുന്നത്. എഫ് പി ഐ, ജി എന്‍ പി എഫ്, പി എ 212 എന്നിങ്ങനെയുള്ള തീവ്ര ഇസ്ലാമിക സംഘടനകളാണ് ഈ പ്രതിഷേധ പ്രകടങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ മൂന്ന് സംഘടകളുടേയും അധ്യക്ഷന്മാര്‍ നേരത്തെ നടത്തിയ ഒരു സംയുക്ത പത്ര പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു, “ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ വിവിധ തരത്തിലുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനായി ഹിന്ദു തീവ്രവാദി സംഘങ്ങള്‍ ഉപയോഗിക്കുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുവാന്‍ ഞങ്ങള്‍ ഇന്ത്യാ ഗവണ്മെന്റിനോട് ആഹ്വാനം ചെയ്യുന്നു.'
എന്നാല്‍ തങ്ങളുടെ പ്രശ്നം അറിയിക്കുന്നതിനു വേണ്ടി മാത്രമാണ് ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയത് എന്നും സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുവാന്‍ ഇന്ത്യക്ക് കഴിവുള്ളതായി ജക്കാര്‍ത്ത വിശ്വസിക്കുന്നു എന്നും ഇന്തോനേഷ്യന്‍ ശ്രോതസ്സുകള്‍ വിശദീകരിച്ചു. ജനങ്ങള്‍ക്ക് പല ഉല്‍കണ്ഠകളും ഉണ്ട്, പക്ഷെ വ്യത്യസ്ത വിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന ജനാധിപത്യ രാഷ്ട്രങ്ങളാണ് നമ്മള്‍ ഇരുകൂട്ടരും എന്നതിനാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം തരണം ചെയ്യുവാന്‍ നമുക്കാവുമെന്ന ആത്മവിശ്വാസം ഇന്തോനേഷ്യന്‍ സര്‍ക്കാരിനുണ്ട്,''- ഇന്തോനേഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രതിഷേധങ്ങള്‍ വളര്‍ന്നു വലുതായി കൊണ്ടിരിക്കുകയാണെന്നും അത് വലിയ ഉല്‍കണ്ഠ സൃഷ്ടിക്കുന്നുണ്ടെന്നും അറിയാം. വലതുപക്ഷ ദേശീയ വാദികളുടെ ഒരു അക്രമി കൂട്ടം താടി വളര്‍ത്തുകയും തൊപ്പി അണിയുകയും ചെയ്തതിന്റെ പേരില്‍ മുഹമ്മദ് സുബൈര്‍ എന്നയാളെ തല്ലി ചതച്ചതിനുശേഷം ആ മുസ്ലീമിന്റെ മുഖം ഡല്‍ഹി കലാപങ്ങളുടെ പ്രതീകമെന്നോണം ഉയര്‍ന്നു വന്നു. ഇന്തോനേഷ്യയില്‍ അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളെ തണുപ്പിക്കുന്നതിനായുള്ള ഇന്തോനേഷ്യന്‍ നയതന്ത്ര നടപടികളുടെ രാസത്വരകമായി അത് വർത്തിക്കുകയും ചെയ്തു.
പക്ഷെ ഈ വെള്ളിയാഴ്ചയോടു കൂടി ജക്കാര്‍ത്തയിലെ ഈ പ്രതിഷേധങ്ങള്‍ക്ക് വീര്യം നഷ്ടപ്പെടും എന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നതായി ശ്രോതസ്സുകള്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസിക്കു പുറത്ത് ഏതാണ്ട് 1100 പൊലീസുകാരെ വിന്യസിക്കുകയും കഴിഞ്ഞ വെള്ളിയാഴ്ചയോടു കൂടി ഇതുവഴിയുള്ള വാഹന ഗതാഗതം ബാരിക്കേഡുകള്‍ സ്ഥാപിച്ച് തിരിച്ചു വിടുകയും ചെയ്തതോടെയാണ് ഈ സംഭവ വികാസം. മുന്‍ കാലങ്ങളില്‍ പാലസ്തീന്‍ പ്രശ്‌നങ്ങളുടെ പേരില്‍ പ്രതിഷേധങ്ങള്‍ നേരിട്ട അമേരിക്കന്‍ എംബസി കഴിഞ്ഞാല്‍ മറ്റൊരു രാജ്യത്തിന്റേയും എംബസികള്‍ക്ക് ഇത്തരത്തില്‍ അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക ഇന്തോനേഷ്യയില്‍ ഉണ്ടായിട്ടില്ല.
ഇതിനു പുറമെ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ ഉല്‍കണ്ഠകളെ കുറിച്ച് വിശദീകരിക്കുന്നതിനായി ഇന്തോനേഷ്യയിലെ ചില ഇസ്ലാമിക സംഘടനകളുമായി ഇന്ത്യ ചര്‍ച്ചകളിലൂടെ ഇടപഴകുമെന്ന പ്രതീക്ഷയും നില നില്‍ക്കുന്നു. അതേ സമയം അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും പ്രകാരം ന്യൂനപക്ഷ സംരക്ഷണ നടപടികള്‍ അതിശക്തമായി നടപ്പില്‍ വരുത്തുന്നതിനായി ഇന്ത്യയിലേക്ക് ഒരു അന്വേഷണ സംഘത്തെ അയക്കണമെന്ന് ഐക്യ രാഷ്ട്ര സഭയോട് ഈയിടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ എംയുഐ ആഹ്വാനം ചെയ്യുകയുണ്ടായി. സിഎഎ വിവേചനപരമാണെന്ന് പറഞ്ഞ ആ പ്രസ്താവന ജമ്മു കശ്മീരിന്റെ ഭാവി സംബന്ധിച്ചുള്ള യുഎന്‍എസ്സി പ്രമേയങ്ങള്‍ ബഹുമാനിക്കുവാന്‍ ഇന്ത്യാ ഗവണ്മെന്റിനോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കുകയും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള സാഹചര്യങ്ങള്‍ പതിവിന്‍ പടി തുടര്‍ന്നാല്‍ ന്യൂ ഡല്‍ഹിയുമായുള്ള ബന്ധം വിഛേദിക്കണമെന്ന് തങ്ങളുടെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.