കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റിൽ തകർന്ന പശ്ചിമ ബംഗാളിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിനായി ടൈംസ് നെറ്റ്‌വർക്ക് 'ഇന്ത്യ ഫോർ ബംഗാൾ' ആരംഭിച്ചു. ബംഗാളിനൊപ്പം നിന്നുകൊണ്ട് സംഭാവന നൽകാനും സംസ്ഥാനത്തെ പുനർനിർമിക്കാനുമാണ് ദേശീയ പ്രക്ഷേപണ ശൃംഖലയായ ടൈംസ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ രാജ്യത്തെമ്പാടുമുള്ളവർ പിന്തുണയ്ക്കണമെന്നും പങ്കാളികളാകണമെന്നും ടൈംസ് അഭ്യർത്ഥിക്കുന്നു.
പശ്ചിമ ബംഗാളിനെ പുനർനിർമിക്കാൻ 'ഇന്ത്യ ഫോർ ബംഗാൾ'
ബംഗാളിനെ പുനർനിർമിക്കാൻ ധനസമാഹരണം നടത്തുന്നതിനായാണ് ദേശീയ പ്രക്ഷേപണ ശൃംഖലയായ ടൈംസ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
കഴിഞ്ഞയാഴ്‌ച ബംഗാളിൽ വിനാശം വിതച്ച ഉംപുനിൽ 1.36 കോടിയിലധികം ആളുകളുടെ ജീവിതം പ്രതിസന്ധിയിലായി. കൂടാതെ, 10.5 ലക്ഷം വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്‌തു. ഒട്ടനവധി പേരുടെ ജീവനും ഉംപുൻ ചുഴലിക്കാറ്റിലൂടെ നഷ്‌ടപ്പെട്ടു. ദുരന്തമുഖത്തുള്ള ജനങ്ങളുടെ ദുരവസ്ഥയെ കുറിച്ച് അവബോധം സൃഷ്ടിച്ച് അതുവഴി ധനസമാഹരണം നടത്താനാണ് 'ഇന്ത്യ ഫോർ ബംഗാൾ' പദ്ധതിയിടുന്നത്. പശ്ചിമ ബംഗാൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് പൗരന്മാർക്ക് ധനസഹായം നൽകാം- (അക്കൗണ്ട് നമ്പർ 628001041066, ഐ.എഫ്.എസ്.സി കോഡ് ഐ.സി.ഐ.സി 10006280, എം.ഐ.സി.ആർ കോഡ് 700229010). ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്‍റെ അടയാളമായ ബംഗാളിനെ പുനർനിർമിക്കുന്ന പ്രവർത്തനങ്ങളുമായി സഹകരിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ടൈംസ് നെറ്റ്‌വർക്ക് എംഡിയും സിഇഒയുമായ എം. കെ. ആനന്ദ് അഭ്യർത്ഥിച്ചു.