ന്യഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമെന്ന് തുര്‍ക്കിയോടും മലേഷ്യയോടും ഇന്ത്യ. യുഎന്‍ പൊതുസഭയില്‍ കശ്മീരുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും നടത്തിയ പ്രസ്താവനകള്‍ക്കാണ് ഇന്ത്യയുടെ മറുപടി. തുര്‍ക്കി പ്രസിഡന്‍റ് തയ്ബ് ഒര്‍ദോഗനും മലേഷ്യന്‍ പ്രധാനമന്ത്രി മഹതിര്‍ ബിന്‍ മുഹമ്മദുമാണ് ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയത്. വിഷയത്തില്‍ പാകിസ്ഥാന്‍ പ്രതികരിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തരുതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മില്‍ ഇന്ത്യക്ക് നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രതികരണങ്ങള്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. കശ്മീരില്‍ ഇന്ത്യ നടപ്പാക്കുന്നത് സ്വന്തം നയങ്ങളാണെന്ന് എല്ലാവരും മനസിലാക്കണം. സ്വാതന്ത്ര്യം നേടുന്ന സമയത്ത് കശ്മീര്‍ ഇന്ത്യയുമായി ലയനക്കരാറില്‍ ഒപ്പിട്ടതാണ്. എന്നാല്‍ പാകിസ്ഥാന്‍ സൈന്യം കശ്മീരില്‍ കടന്ന് കയറി രാജ്യത്തിന്‍റെ ചില ഭാഗങ്ങള്‍ കയ്യടക്കി. ഇക്കാര്യങ്ങള്‍ മനസിലാക്കി വേണം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.