ന്യൂഡൽഹി: ഇന്ത്യയിൽ സജീവ കൊവിഡ് കേസുകൾ ക്രമാനുഗതമായി കുറയുന്ന പ്രവണത റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും 9,19,023 എന്ന നിലയിലുള്ള മൊത്തം പോസിറ്റീവ് കേസുകളിൽ 13.75 ശതമാനം മാത്രമാണ് ഇന്ത്യയുടെ സജീവ കൊവിഡ് കേസുകളെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. നിലവിൽ 56,62,490 പേരാണ് രാജ്യത്ത് കൊവിഡ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 61,267 പേർക്ക് പുതിയതായി രോഗം ബാധിച്ചപ്പോൾ 75,787 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. കൂടുതൽ പേർ രോഗമുക്തരാവുന്നതിലൂടെ ദേശീയ രോഗമുക്തി നിരക്കും ഉയർന്ന് 84.70 ശതമാനത്തിലെത്തി.
ഇന്ത്യയിൽ സജീവ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു: ആരോഗ്യ മന്ത്രാലയം - കൊവിഡ് ഇന്ത്യയിൽ കുറയുന്നു
കൂടുതൽ പേർ രോഗമുക്തരാവുന്നതിലൂടെ ദേശീയ രോഗമുക്തി നിരക്ക് ഉയർന്ന് 84.70 ശതമാനത്തിലെത്തി.
പുതിയ രോഗമുക്തരുടെ എണ്ണം 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥിരീകരിച്ച പുതിയ കേസുകളുടെ എണ്ണത്തെ മറികടന്നിട്ടുണ്ട്. മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരളം, ഉത്തർപ്രദേശ്, ഒഡീഷ, ഡൽഹി, ഛത്തീസ്‌ഗഢ്, വെസ്‌റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് 74 ശതമാനം രോഗമുക്തിയും റിപ്പോർട്ട് ചെയുന്നത്. മഹാരാഷ്‌ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 13,000ഓളം പേരും കർണാടകയിൽ 7000 പേരുമാണ് രോഗമുക്തരായത്.
884 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌തത്. ആകെ മരണനിരക്കിലെ 80 ശതമാനവും മഹാരാഷ്‌ട്ര, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, വെസ്‌റ്റ് ബംഗാൾ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഛത്തീസ്‌ഗഢ്, ഡൽഹി, മധ്യപ്രദേശ് എന്നീ ജില്ലകളിൽ നിന്നുമാണെന്നും ഇതിൽ തന്നെ 29 ശതമാനം മരണങ്ങളും റിപ്പോർട്ട് ചെയ്‌തത് മഹാരാഷ്‌ട്രയിൽ നിന്ന് മാത്രമാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.