ന്യൂഡൽഹി:ഇന്ത്യ-ചൈന അഞ്ചാംഘട്ട സൈനികതല ചർച്ച ഇന്ന്. ഞായറാഴ്ച രാവിലെ 11ന് നിയന്ത്രണ രേഖയിലെ ചൈനീസ് ഭാഗത്തുള്ള മോൾഡോയിലാണ് ചർച്ച നടക്കുക. സംഘർഷവുമായി ബന്ധപ്പെട്ട് ജൂൺ 6, 22, 30, ജൂലൈ 14 തീയതികളിൽ ഗാൽവാൻ വാലിയിലെ ലഡാക് ഏരിയകളിൽ നിന്നും ലഡാക്ക് സെക്ടറിന്‍റെ സമീപ പ്രദേശങ്ങളിൽ നിന്നും സൈനികരെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ചൈന സൈനികതല ചർച്ചകൾ നടന്നിരുന്നു.
ഇന്ത്യ-ചൈന സംഘർഷം; അഞ്ചാംഘട്ട സൈനികതല ചർച്ച ഇന്ന്
ഞായറാഴ്ച രാവിലെ 11ന് നിയന്ത്രണ രേഖയിലെ ചൈനീസ് ഭാഗത്തുള്ള മോൾഡോയിലാണ് ചർച്ച നടക്കുക
സൈനികരെ പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, പിൻവലിക്കൽ പ്രക്രിയ പൂർത്തിയായതായി ചൈന അറിയിച്ചു. നാലാംഘട്ട സൈനികതല ചർച്ചയിൽ സൈനികരെ പൂർണമായും പിൻവലിക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ കരസേന അറിയിച്ചു. പ്രക്രിയ സങ്കീർണ്ണമാണെന്നും ഇതിന് മുന്നോടിയായി നിരന്തരമായ പരിശോധന ആവശ്യമാണെന്നും അധികൃതർ പറഞ്ഞു. അതിർത്തി പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ചൈനയുമായി നടന്ന ചർച്ചകളിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ അത് എത്രത്തോളം പരിഹരിക്കപ്പെടുമെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്നും കഴിഞ്ഞയാഴ്ച കിഴക്കൻ ലഡാക്ക് സന്ദർശന വേളയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. തുടർന്ന് കിഴക്കൻ ലഡാക്കിൽ സംഘർഷം രൂക്ഷമായിരുന്നു. സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെങ്കിലും എത്ര പേർ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച വിവരങ്ങൾ ചൈന പുറത്ത് വിട്ടിട്ടില്ല. എന്നാൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.