ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്ത്യൻ സൈന്യവും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയും കിഴക്കൻ ലഡാക്കിലെ പ്രശ്‌ന പരിഹാരത്തിനായി നിരവധി ചര്‍ച്ചകൾ നടത്തി. എന്നാൽ തിങ്കളാഴ്ച വരെ വിഷയത്തില്‍ ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്‌ചയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടന്നെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കൂടുതൽ കമാൻഡർ തല ചർച്ചകൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സൈനിക മേധാവികൾ തമ്മിൽ അഞ്ച് തവണ ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാലിത് വരെ അതിര്‍ത്തിയിലെ സ്ഥിതഗതികൾക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് ഇന്ത്യൻ കരസേന ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥിതിഗതികൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്നും എന്നാൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാങ്കോംഗ് ത്സോയുടെ വടക്ക് ഭാഗത്തെ റോഡ് നിർമാണ പദ്ധതിയെ ചൈനീസ് സൈന്യം അനാവശ്യമായി എതിർത്തതിന് ശേഷമാണ് പിരിമുറുക്കം രൂക്ഷമായത്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന്‍റെ വശത്താണ് ഇന്ത്യ റോഡ് നിർമിച്ചിരിക്കുന്നത്. അതിനെ ചൈന എതിർക്കുകയും പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം ആദ്യം, സിക്കിമിലെ നകു ലാ പാസിനും ലഡാക്കിലെ പാങ്കോംഗ് ത്സോയ്ക്കും സമീപം സൈനികർ ഏറ്റുമുട്ടുകയും ഇരുരാജ്യങ്ങളിലെയും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം നിയന്ത്രണ രേഖക്ക് തൊട്ടടുത്ത് ചൈനീസ് അതിര്‍ത്തിയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ട്രൂപ്പിന്‍റെ വലിയൊരു ടീമിനെ തന്നെ ചൈന നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയും അതിര്‍ത്തി പ്രദേശത്ത് സൈനിക വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ വെള്ളിയാഴ്‌ച ലഡാക്കിലെ സൈനിക ആസ്ഥാനമായ ലേ സന്ദർശിച്ച് ചൈനയുമായുള്ള നിയന്ത്രണ രേഖയിൽ സേനയെ വിന്യസിക്കുന്നത് അവലോകനം ചെയ്തിരുന്നു.