അതിര്‍ത്തി സംഘര്‍ഷം; സൈനിക- നയതന്ത്ര ഇടപെടലുകള്‍ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം
സ്ഥിതിഗതികള്‍ സമാധാനപരമായി പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും സൈനിക- നയതന്ത്ര ഇടപെടലുകള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ.
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനായി ഇരു രാജ്യങ്ങളും സൈനിക നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികള്‍ എത്രയും വേഗം സമാധാനപരമായി പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും സൈനിക നയതന്ത്ര ഇടപെടലുകള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ വ്യക്തമാക്കി. ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സൈനിക സംഘര്‍ത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍റെ പ്രസ്‌താവന. ഇതിനിടെ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകം, ഗാല്‍വാന്‍ നാല, ഫിഞ്ചര്‍ മേഖല എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സഖ്യം പിന്‍വാങ്ങി തുടങ്ങിയിരുന്നു. ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാരുടെ ചര്‍ച്ച ജൂണ്‍ ആറിന് നടന്നിരുന്നു. ഇതിന് മുമ്പ് ലെഫ്‌റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിങും ചൈനീസ് മേജര്‍ ജനറല്‍ ലിയു ലിനുവും തമ്മില്‍ ഉന്നത തല ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചുഷുളിള്‍ വെച്ച് അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച തുടരുന്നതായിരിക്കും.