ലഡാക്കിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ-ചൈന ധാരണ - ഇന്ത്യ-ചൈന ബന്ധം
യഥാർഥ നിയന്ത്രണ രേഖയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ ശക്തിപ്പെടുത്തും. ഏഴാം ഘട്ട ചർച്ച നടത്താനും തീരുമാനം.
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ-ചൈന ധാരണ. ഇന്ത്യ-ചൈന അതിർത്തി സംഘഷത്തിൽ ആറാം ഘട്ട കമാൻഡർതല ചർച്ചയിലാണ് തീരുമാനം. സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന നടപടികളും തെറ്റുദ്ധാരണകളും ഒഴിവാക്കും.
ഇരു വിഭാഗവും തമ്മിൽ ആശയവിനിമയം ശക്തിപ്പെടുത്താനും ഏഴാം ഘട്ട ചർച്ച നടത്താനും തീരുമാനമായി. യഥാർഥ നിയന്ത്രണ രേഖയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ ശക്തിപ്പെടുത്തുമെന്നും ഇരു വിഭാഗവും സംയുക്തമായി നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ച ചൈനയിലെ മോൾഡൊയിൽ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചർച്ച രാത്രി 11 മണി വരെ നീണ്ടു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറിക്കൊപ്പം ചീഫ് ലഫ്. ജനറൽ ഹരീന്ദ്രർ സിങ്ങും ജനറൽ പി.കെ.ജി മേനോനും 14 ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചൈനീസ് സൈന്യം ഏപ്രിൽ-മെയ് മാസങ്ങളിൽ തുടർന്ന സ്ഥാനങ്ങളിലേക്ക് മടങ്ങണമെന്ന് ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ഓഗസ്റ്റ് 29ന് ഇന്ത്യൻ സൈന്യം പിടിച്ചെടുത്ത പാങ്ഗൊങ് ഭാഗത്ത് നിന്ന് ഇന്ത്യ പിൻമാറണമെന്ന് ചൈനയും ആവശ്യപ്പെട്ടു.