ഡൽഹി: ലഡാക്കിൽ വീണ്ടും അതിക്രമിച്ച് കയറാനുള്ള ചൈനീസ് പട്ടാളത്തിന്‍റെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം. ഗാൽവാൻ അതിർത്തിയിൽ വീണ്ടും ഇന്ത്യാ ചൈന സംഘർഷമെന്ന് റിപ്പോർട്ടുകൾ. പാംഗോങ്ങ് തടാക തീരത്ത് വീണ്ടും യഥാർത്ഥ അതിർത്തി ലംഘിക്കാൻ ചൈന ശ്രമം നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചൈനയുടെ ശ്രമത്തെ ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. പാംഗോങ്ങ് അതിർത്തിയിൽ സംഘർഷമുണ്ടായ വിവരം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിന്‍റെ വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
ശനി, ഞായർ ദിവസങ്ങളിലാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായതെന്നും ഇന്ത്യൻ ആർമി വാർത്താക്കുറിപ്പിൽ അറിയിച്ചു. കിഴക്കൻ ലഡാക്കിലാണ് ചൈന നിയന്ത്രണ രേഖ ലംഘിച്ച് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സൈന്യം ഈ നീക്കം പ്രതിരോധിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ നയതന്ത്രതലത്തിലുള്ള ചർച്ച നടന്നുവരികയാണെന്നും സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. സംഘർഷാവസ്ഥ പരിഹരിക്കാൻ ബ്രിഗേഡ്, കമാൻഡർ തലത്തിലുള്ള യോഗം പുരോഗമിക്കുകയാണെന്ന് കരസേന വക്താവ് കേണൽ അമാൻ ആനന്ദ് പറഞ്ഞു. ഇന്നലെ രണ്ട് റൗണ്ട് ചര്‍ച്ചകല്‍ നടന്നുവെങ്കിലും ഒരു സമവായത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ ഇന്നും യോഗം തുടരുകയാണെന്നും റിപ്പോര്‍ട്ട്.