ന്യൂഡൽഹി:ലിപുലേഖ്, കലപാനി, ലിംപിയാദുര എന്നിവ നേപ്പാളിന്‍റെ ഭാഗമായി ചിത്രീകരിച്ച പുതിയ ഭൂപടം പരിഷ്കരിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള പദ്ധതി മാറ്റിവെച്ച് നേപ്പാൾ സർക്കാർ. ഈ സാഹചര്യത്തിൽ നേപ്പാളിലെ സ്ഥിതിഗതികൾ ഇന്ത്യ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ, കഴിഞ്ഞയാഴ്ച നേപ്പാൾ രാജ്യത്തിന്‍റെ പുതുക്കിയ രാഷ്ട്രീയ, ഭരണ ഭൂപടം പുറത്തുവിടുകയായിരുന്നു. തന്ത്രപരമായ പ്രധാന മേഖലകളായ ലിപുലെഖ്, കലപാനി, ലിംപിയാദുര എന്നിവയ്ക്ക് അവകാശവാദമുന്നയിച്ചാണ് ഭൂപടം പുറത്ത് വിട്ടത്. തുടര്‍ന്ന് ഇന്ത്യ ഇതിനെതിരെ കടുത്ത ഭാഷയില്‍ പ്രതിഷേധം അറിയിച്ചു. കൂടാതെ പുതിയ ഭൂപടം നിര്‍മ്മിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി വിഷയത്തിൽ ദേശീയ സമവായം തേടാൻ തീരുമാനിച്ചതിനെത്തുടർന്ന് രാജ്യ ഭൂപടം പരിഷ്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ചർച്ചചെയ്യാനായി പാർലമെന്‍റിൽ യോഗം ചേര്‍ന്നിരുന്നു .ഭരണഘടനാ ഭേദഗതി നിർദ്ദേശം ചൊവ്വാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ചെങ്കിലും ഇക്കാര്യം ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം ചേരണമെന്ന് ഒലി പറഞ്ഞതിനെത്തുടർന്ന് ഇത് നടപ്പാക്കാൻ കഴിഞ്ഞില്ല.നേപ്പാളിലെ നിയമമനുസരിച്ച് ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം ലഭിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.
മെയ് എട്ടിന് ഉത്തരാഖണ്ഡിലെ ലിപുലെഖ് ചുരം ധാർചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള തന്ത്രപ്രധാനമായ റോഡ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.റോഡ് ഉദ്ഘാടനത്തോട് നേപ്പാൾ രൂക്ഷമായി പ്രതികരിച്ചു. റേഡ് നേപ്പാളിന്‍റെ പ്രദേശത്തിലൂടെ കടന്നുപോയെന്ന് അവകാശം ഉന്നയിച്ചു.എന്നാൽ വാദം ഇന്ത്യ നിരസിച്ചു.
പ്രധാന റോഡിന്‍റെ ഉദ്ഘാടനത്തിനെതിരെ പ്രതിഷേധം അറിയിക്കാനായി നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി ഈ മാസം ആദ്യം നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയിക്ക് നയതന്ത്ര കുറിപ്പ് കൈമാറിയിരുന്നു.നേപ്പാളും ഇന്ത്യയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന കാലാപാനിക്കടുത്തുള്ള പടിഞ്ഞാറൻ പോയിന്‍റിലാണ് ലിപുലെഖ് പാസ്.കാലപാനി തങ്ങളുടെ പ്രദേശത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യയും നേപ്പാളും അവകാശപ്പെടുന്നു.