ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥിരാംഗമല്ലാതെ രണ്ട് വര്‍ഷത്തെ കാലാവധിയിലേക്കാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ട് നേടിയാണ് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയോടൊപ്പം അയര്‍ലന്‍റ്, മെക്‌സിക്കോ, നോര്‍വെ എന്നി രാജ്യങ്ങളും രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാനഡ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2021-22 വരെ ഇന്ത്യയ്ക്ക് അംഗത്വമുണ്ടാകും. അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളോടും താല്‍കാലിക അംഗങ്ങളായ എസ്റ്റോണിയ, നൈജര്‍, സെയ്‌ന്‍റ് വിന്‍സെന്‍റ്, ഗ്രനേഡൈന്‍സ്, ടുണീഷ്യ, വിയറ്റ്‌നാം എന്നിവരോടൊപ്പം ഇന്ത്യയും ജനുവരി 1 മുതല്‍ രക്ഷാസമിതിയില്‍ പ്രവര്‍ത്തിക്കും.
യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ: തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ - യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
സ്ഥിരാംഗമല്ലാതെ രണ്ട് വര്‍ഷത്തെ കാലാവധിയിലേക്കാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയോടൊപ്പം അയര്‍ലന്‍റ്, മെക്‌സിക്കോ, നോര്‍വെ എന്നി രാജ്യങ്ങളും രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ജൂണില്‍ ചൈനയും പാകിസ്ഥാനും ഉള്‍പ്പെട്ട 55 അംഗ ഏഷ്യാ പസിഫിക് ഗ്രൂപ്പ് ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വം ഏകകണ്‌ഠമായി അംഗീകരിച്ചിരുന്നു. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 കൂടാതെ 2011-2012 വര്‍ഷത്തിലും ഇന്ത്യ രക്ഷാസമിതിയില്‍ സ്ഥിരമല്ലാത്ത അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഎന്‍ രക്ഷാസമിതിയുടെ 75ാമത് സെഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തുര്‍ക്കി നയതന്ത്രജ്ഞനും നേതാവുമായ വോള്‍ക്കന്‍ ബോസ്‌കിര്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 75ാമത് സെഷന്‍ പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അംഗങ്ങള്‍ തെരഞ്ഞെടുപ്പിനെത്തിയത് മാസ്‌ക് ധരിച്ചായിരുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി അംഗങ്ങള്‍ക്ക് വ്യത്യസ്‌ത സമയമായിരുന്നു നിശ്ചയിച്ചിരുന്നത്.
യുഎൻ ജനറൽ അസംബ്ലി പ്രസിഡന്‍റ് ടിജാനി മുഹമ്മദ് ബന്ദെ ജനറൽ അസംബ്ലി ഹാളിൽ നടന്ന നടപടികളുടെ മേൽനോട്ടം വഹിച്ചു. ആഫ്രിക്കൻ, ഏഷ്യ-പസഫിക് രാജ്യങ്ങളിൽ നിന്നായി ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് ജിബൂട്ടി, ഇന്ത്യ, കെനിയ എന്നിവരാണ് മത്സരിച്ചത്. ലാറ്റിനമേരിക്കന്‍ , കരീബിയന്‍ രാജ്യങ്ങളില്‍ നിന്നായി ഒഴിവുള്ള ഒരു സീറ്റിലേക്ക് മെക്‌സിക്കോ തെരഞ്ഞെടുക്കപ്പെട്ടു. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, അയര്‍ലന്‍റ്, നോര്‍വെ എന്നീ രാജ്യങ്ങളാണ് ഒഴിവുള്ള രണ്ട് സീറ്റിലേക്ക് മത്സരിച്ചത്.