ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനതാ കര്‍ഫ്യു ഇന്ന് മുതല്‍. മാര്‍ച്ച് 22 ഞായറാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 9 മണി വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് ജനതാ കർഫ്യുവിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. റോഡുകളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ആളുകള്‍ ഇറങ്ങുന്നത് കുറയ്ക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
രാജ്യം നിശ്ചലമാകും; ജനതാ കര്‍ഫ്യു ഇന്ന് - കൊവിഡ് ഇന്ത്യ വാര്‍ത്തകള്‍
ഞായറാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 9 മണി വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എല്ലാ സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ സ്ഥാപനങ്ങളും, പൊതുഗതാഗത സംവിധാനവും ഈ മണിക്കൂറുകളില്‍ നിശ്ചലമാകും. ജനതാ കര്‍ഫ്യുവിനോട് അനുബന്ധിച്ച് ഞായറാഴ്ച്ചയിലെ 3700 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വെ റദ്ദാക്കിയത്. ത്തെ യാത്ര ആരംഭിച്ച ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ തടസപ്പെടില്ലെന്നും റെയില്‍വെ അറിയിച്ചു. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന തരത്തില്‍ പ്രാര്‍ഥനകള്‍ സംഘടിപ്പിക്കരുതെന്ന് നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ അടച്ചിരുന്നു.
അവശ്യ സർവീസുകളായ പൊലീസ്, ആരോഗ്യ സംഘങ്ങള്‍, മാധ്യമങ്ങള്‍, അഗ്നിശമന സേന എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹിയില്‍ അമ്പത് ശതമാനം സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. എന്നാല്‍ ജനതാ കര്‍ഫ്യൂവിനെ പിന്തുണയ്‌ക്കുമെന്ന് തലസ്ഥാനത്തെ ടാക്‌സി തൊഴിലാളി സംഘടന അറിയിച്ചിട്ടുണ്ട്