ഹൈദരാബാദ്: രാജ്യത്തെ കാർഷിക മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഹരിത വിപ്ലവം നിലവില്‍ ഉണ്ടായിരുന്ന സമയത്ത് രാജ്യത്ത് വൻ വിജയമായ കാർഷിക മേഖല ഇപ്പോൾ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകുകയാണ്. കാർഷിക മേഖലയാണ് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് എല്ലാവർക്കും അറിയാം. രാജ്യത്തെ 130 കോടി ജനങ്ങളിൽ 87 കോടി ആളുകൾ തങ്ങളുടെ ഉപജീവനത്തിനായി കാർഷിക മേഖലയെ ആശ്രയിക്കുന്നു. പക്ഷേ 1947ൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ (ജിഡിപി) 55 ശതമാനം ഉണ്ടായിരുന്ന കാർഷിക വിഹിതം ഇപ്പോൾ 13 ശതമാനമായി കുറഞ്ഞു. ഇന്ന്, രാജ്യത്തെ 85 ശതമാനം കർഷക സമൂഹത്തിനും ചെറുകിട കാർഷിക ഭൂമി മാത്രമേയുള്ളൂ. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽ പകുതിയിലധികവും വിതരണം ചെയ്യുന്നത് ഈ ചെറുകിട കർഷകരാണ്.
ഭക്ഷ്യസുരക്ഷ, കയറ്റുമതിയിലൂടെ വിദേശനാണ്യ വരുമാനം, വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കൾ നേടുക, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വർധിപ്പിക്കൽ എന്നിവയിൽ കാർഷിക മേഖലയ്ക്ക് പ്രധാന പങ്കുണ്ട്. ഇത്തരത്തിലുള്ള കാർഷിക വ്യവസായം ഇന്ന് നിരവധി പ്രശ്‌നങ്ങളാൽ വലയുകയാണ്. എന്നിരുന്നാലും, 2022-23ഓടെ കർഷകന്‍റെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി സർക്കാർ അവകാശപ്പെടുന്നു. ഇതിനായി അശോക് ദൽവായുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ കമ്മിറ്റി സജ്ജമാക്കുകയും ഏഴിന പദ്ധതി ആവിഷ്‌കരികുകയും ചെയ്‌തിട്ടുണ്ട്. 2015-16ൽ രജിസ്റ്റർ ചെയ്‌ത കർഷകരുടെ വാർഷിക ശരാശരി വാർഷിക വരുമാനം 96,703 രൂപയായിരുന്നു. കർഷക സമൂഹത്തിന് അനുയോജ്യമായ നയങ്ങൾ അവതരിപ്പിച്ചുകൊണ്ട് 2022-23 വർഷം അവസാനത്തോടെ മൊത്ത ശരാശരി വരുമാനം 1,92,694 രൂപയായി ഉയര്‍ത്താന്‍ കമ്മിറ്റി നിർദേശിക്കുന്നു. കർഷക വരുമാനം ഇരട്ടിയാക്കാനുള്ള നിർദിഷ്‌ട ലക്ഷ്യം സർക്കാർ സാക്ഷാത്കരിക്കണമെങ്കിൽ പ്രതിവർഷം 15 ശതമാനം സ്ഥിരമായ വളർച്ചാ നിരക്ക് ഉണ്ടായിരിക്കണമെന്ന് അശോക് ദൽവായ് അധ്യക്ഷനായ സമിതി നിർദേശിക്കുന്നു. അതുകൊണ്ട് തന്നെ അടുത്ത രണ്ട് വർഷം കേന്ദ്ര സര്‍കാര്‍ ഈ ലക്ഷ്യം ഒരു വെല്ലുവിളിയായി കണക്കാക്കണം . പക്ഷേ, രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലുണ്ടായ മഴയുടെ കുറവ് തുടരുകയാണെങ്കില്‍, ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് മങ്ങല്‍ ഏല്‍ക്കാന്‍ സാധ്യതയുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ബജറ്റിൽ 16 ഇന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, പദ്ധതികൾക്കൊന്നും അനുയോജ്യമായ ബജറ്റ് ഫണ്ടുകൾ ഇതുവരെ അനുവദിച്ചിട്ടില്ല.
ഇന്നത്തെ സങ്കീർണമായ കാലഘട്ടത്തിൽ, കാർഷിക, ഗ്രാമവികസന മേഖലകൾ മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിൽ ബജറ്റില്‍ ഇടം കൊള്ളുമെന്നാണ് പൊതുവേ കരുതിയിരുന്നത്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന്‍ മന്ത്രി കിസാൻ യോജന, അടിസ്ഥാന താങ്ങുവില തുടങ്ങിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഉൾപ്പെടുന്ന പദ്ധതികൾക്കായുള്ള നിലവിലെ ഫണ്ടുകള്‍ ബജറ്റിൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെങ്കിൽ, 6.4 ലക്ഷം കോടി രൂപ മുൻകൂർ വിനിയോഗിക്കേണ്ടതുണ്ട് എന്ന് കമ്മിറ്റി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഏറ്റവും പുതിയ ബജറ്റ് വിഹിതം ഫണ്ടിങ് വർദ്ധിപ്പിക്കുന്നതിനുപകരം കുറച്ചുകൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്തി. ഉദാഹരണത്തിന്, കൃഷി അനുബന്ധ മേഖലയായ ജലസേചനത്തിന് അനുവദിച്ചത് 1.58 ലക്ഷം കോടി രൂപ മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1.52 ലക്ഷം കോടി രൂപയായിരുന്നു. ഇത്രയും താഴ്ന്ന വർദ്ധനവോടെ കർഷകന്‍റെ വരുമാനം ഇരട്ടിയായി ഉയരുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഗ്രാമവികസനത്തിനായി നീക്കിവച്ചിരിക്കുന്ന ഫണ്ട് ചേർത്താൽ, അത് ആകെ 2.83 ലക്ഷം കോടി രൂപ, അതായത് മൊത്തം ബജറ്റായ 30.4 ലക്ഷം കോടി രൂപയുടെ 9.3ശതമാനം. ഇത് 2019-20 വർഷത്തെ മൊത്തം ബജറ്റിന്‍റെ 9.83ശതമാനം മാത്രമാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കായി 0.5 ശതമാനം ധനസഹായം കുറച്ചിട്ടുണ്ട് എന്നാണ് ഇതിനർത്ഥം.
കഴിഞ്ഞ സാമ്പത്തിക വർഷം പ്രധാനമന്ത്രി കിസാൻ യോജനയുടെ പദ്ധതി 75,000 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും, 8.46 കോടി കുടുംബങ്ങളിലായി 42,440 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ഇത്തവണ വീണ്ടും ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം 14.5 കോടി കർഷകരുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ഓരോ കർഷകനും കണക്കാക്കപ്പെടുന്ന തുക Rs. 6000 രൂപ വീതമാണെങ്കില്‍. 87,000 കോടി രൂപ ആവശ്യമായി വരും. നശിക്കുന്ന വസ്തുക്കളുടെ നഷ്ടം കർഷകർക്ക് ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാരുകളുടെ അഭ്യർഥന മാനിച്ചാണ് കേന്ദ്ര സര്‍കാര്‍ 'മാർക്കറ്റ് ഇന്‍റര്‍വെൻഷൻ' പദ്ധതി നടപ്പാക്കുകയാണ്. അതു കൂടാതെ താങ്ങു വിലനിർണയ പദ്ധതിയും നിലവില്‍ ഉണ്ട്. ഈ രണ്ട് പദ്ധതികൾക്കുമായി കഴിഞ്ഞ വർഷം ഏകദേശം 3,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം 1000 കോടി രൂപ കുറച്ചുകൊണ്ട് ഇതേ പദ്ധതികൾക്ക് മാത്രം 2000 കോടി രൂപ അനുവദിച്ചു. പയറുവർഗങ്ങളും എണ്ണക്കുരുക്കളും വളർത്തുന്ന കർഷകർക്കായി 2018ൽ അവതരിപ്പിച്ച പ്രധാന മന്ത്രി ആശ പദ്ധതി 500 കോടി രൂപയായി ചുരുക്കി. കൂടാതെ, 2019ൽ വയോജനങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവർ, ചെറുകിട കർഷകർ എന്നിവർക്കുള്ള പ്രധാനമന്ത്രി കിസാൻ മാസ് ധൻ യോജനയില്‍ 680 കോടി രൂപ വെട്ടിക്കുറച്ചു.
രാജ്യത്ത് പതിനായിരത്തോളം കർഷക ഉൽപാദന കമ്പനികൾ സ്ഥാപിക്കുന്നതിനും അവയുടെ വികസനത്തിനുമായി 500 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നത് അതിശയകരമാണ്. 2025 ഓടെ രാജ്യത്ത് പാൽ ഉൽപാദനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്. പാൽ ഉൽപാദനത്തിൽ ആന്ധ്രാപ്രദേശ് ഇതിനകം തന്നെ ഒന്നാമതാണ്. രാജ്യത്തുടനീളം എട്ട് ദശലക്ഷം കുടുംബങ്ങൾ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലാണ്. എന്നിട്ടും ഈ മേഖലയ്ക്ക് വെറും 60 കോടി രൂപയാണ് നൽകുന്നത്. ആരോഗ്യ പരിപാലനച്ചെലവും, കന്നുകാലികൾക്ക് കാലിത്തീറ്റ നൽകുന്നതും വലിയ ബാധ്യതയാണ്. അനുവദിച്ച തുക അത്തരം ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. ഈ നിരക്കിൽ, പാൽ ഉൽപാദനം ഇരട്ടിയാക്കുന്നത് അസാധ്യമായ കാര്യമാണ്.
കർഷകരിൽ നിന്നുള്ള ധാന്യ സംഭരണ പ്രക്രിയയിൽ പ്രധാന പങ്ക് വഹിക്കുന്ന ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ)ക്കുള്ള വിഹിതവും കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം എഫ്‌സിഐയ്ക്കുള്ള വിഹിതം 1,84,220 കോടി രൂപയായിരുന്നു. ഇത്തവണ ഇത് 1,08,688 കോടി രൂപയായി പരിമിതപ്പെടുത്തി. അതായത് ഈ ഫണ്ട് അനുവദിച്ചതിൽ 76,532 കോടി രൂപ കുറച്ചിട്ടുണ്ട്. ഇത് കർഷകർക്ക് അവരുടെ ധാന്യങ്ങൾ സ്വകാര്യ വ്യാപാരികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കാരണമാകുന്നത് കാരണം എഫ്‌സിഐ ഉയർന്ന നിരക്കിൽ ഇത് വാങ്ങില്ല. കമ്പോള വിലകൾ സാധാരണയായി സർക്കാർ തീരുമാനിക്കുന്ന ഏറ്റവും കുറഞ്ഞ താങ്ങു വിലയേക്കാൾ കുറവാണ്, ഇത് കർഷകർക്ക് വലിയ നഷ്ടത്തിന് വഴി വെക്കുന്നു. കോടിക്കണക്കിന് ഗ്രാമീണരുടെയും ദൈനംദിന കൂലിപ്പണിക്കാരുടെയും സാമ്പത്തിക സഹായത്തിന്‍റെ പ്രധാന ഉറവിടമായ തൊഴിൽ ഉറപ്പ് പദ്ധതിയുടെ വിഹിതം 71,000 കോടി രൂപയില്‍ നിന്ന് 61,500 കോടി രൂപയായി കുറച്ചു. കഴിഞ്ഞ വർഷം കേന്ദ്ര സര്‍ക്കാര്‍ കോർപ്പറേറ്റ് കമ്പനികൾക്ക് നികുതി ഇളവ് രൂപത്തിൽ 1.45 ലക്ഷം കോടി രൂപയ്ക്ക് വൻ ഇളവ് നല്‍കുകയും, 2014-15 മുതൽ ശേഷിക്കുന്ന 6.6 ലക്ഷം കോടി രൂപ കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്‌തിരുന്നു. അതേസമയം, കേന്ദ്ര -സംസ്ഥാന തലത്തിലുള്ള കർഷക വായ്‌പകൾ 1.5 ലക്ഷം കോടി രൂപ മാത്രമാണ് എഴുതിത്തള്ളിയത്!