ബെംഗളൂരു: ഇൻ–സ്പേസ് ചെയർമാൻ സ്ഥാനത്തേക്ക് ഡയറക്‌ടർ തലത്തിലുള്ള മൂന്ന് മുതിർന്ന ശാസ്ത്രജ്ഞരുടെ പേരുകൾ ശുപാർശ ചെയ്യപ്പെട്ടു. ഭാവിയിലെ ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ വ്യവസായങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍റർ അഥവാ ഇൻ–സ്പേസിലെ നിർവാഹക ചുമതലയിലേക്ക് മൂന്ന് പേരെ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ.
ഇൻ-സ്പേസ് ചുമതലസ്ഥാനത്തേക്ക് ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞർ - ഇൻ–സ്പേസ് ചെയർമാൻ സ്ഥാനം വാർത്ത
വിഎസ്എസ്‌സി ഡയറക്ടർ, യുആർഎസ്‌സി ഡയറക്ടർ, ഐഐഎസ്‌യു ഡയറക്ടർ എന്നിവരെയാണ് ഇൻ–സ്പേസിന്‍റെ ചെയർമാൻ സ്ഥാനത്തേക്ക് ശുപാർശ ചെയ്‌തിട്ടുള്ളത്.
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) ഡയറക്ടർ എസ്.സോംനാഥ്, യുആർ റാവു സാറ്റലൈറ്റ് സെന്‍റർ (യുആർഎസ്‌സി) ഡയറക്ടർ പി.കുഞ്ഞികൃഷ്‌ണൻ, ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്‌യു) ഡയറക്ടർ ശ്യാം ദയാൽ ദേവ് എന്നിവരാണ് ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ പ്രഖ്യാപനം കേന്ദ്രം ഉടൻ പുറത്തിറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷമാദ്യമാണ് ഇൻ-സ്പേസ് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. സ്വകാര്യ വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും അനുവദിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ഏക ജാലക നോഡൽ ഏജൻസിയാണ് ഇൻ-സ്പേസ്.