കേന്ദ്ര സർക്കാർ വീക്ഷണത്തിൽ പട്ടികജാതി വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമെന്ന് രാഹുൽ ഗാന്ധി - പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നിർത്തി
കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകളാണ് കേന്ദ്ര സർക്കാർ എസ്‌സി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നിർത്തലാക്കിയെന്ന വാർത്ത പുറത്തുവിട്ടത്
ന്യൂഡൽഹി: ബിജെപി-ആർഎസ്‌എസ് വീക്ഷണത്തിൽ ആദിവാസികൾക്കും ദലിതർക്കും വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ധനസഹായം നിർത്തലാക്കിയതിനെത്തുടർന്ന് 60 ലക്ഷം എസ്‌സി സ്‌കൂൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകളാണ് 11, 12 ക്ലാസുകളിലെ 60 ലക്ഷത്തിലധികം പട്ടികജാതി വിദ്യാർഥികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുന്നതിനുള്ള പ്രധാന കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി കേന്ദ്രസർക്കാർ നിർത്തലാക്കിയെന്ന വാർത്ത പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ ട്വിറ്ററിലൂടെ ആക്രമിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.