ന്യൂഡൽഹി:സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും ആന്‍റിജൻ കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്നും പരിശോധനകളുടെ എണ്ണം കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശിച്ചു. ഇന്ത്യയിൽ പ്രതിദിനം 35,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആന്‍റിജൻ പരിശോധന നടത്തുന്ന എല്ലാ സർക്കാർ, സ്വകാര്യ ലാബുകളും കണ്ടെത്തി അംഗീകാരം നൽകണമെന്നും ഐസിഎംആർ നിർദേശിച്ചു. എല്ലാ ആന്‍റിജൻ ടെസ്റ്റിംഗ് പോയിന്‍റുകളും ആർടി-പിസിആർ സൗകര്യവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ ഡോ. ബൽറാം ഭാർഗവ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ സെക്രട്ടറിമാർക്കും കത്ത് നൽകി.
രാജ്യത്ത് ആന്‍റിജൻ കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് ഐ.സി.എം.ആര്‍ - കൊവിഡ് ഇന്ത്യ
ഇന്ത്യയിൽ പ്രതിദിനം 35,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആന്‍റിജൻ പരിശോധന നടത്തുന്ന എല്ലാ സർക്കാർ, സ്വകാര്യ ലാബുകളും കണ്ടെത്തി അംഗീകാരം നൽകണമെന്നും ഐസിഎംആർ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദേശിച്ചു.
എല്ലാ പോസിറ്റീവ് കേസുകളെയും യഥാർഥ പോസിറ്റീവ് എന്ന് രേഖപ്പെടുത്തണമെന്നും രോഗലക്ഷണങ്ങളുള്ള നെഗറ്റീവ് രോഗികളെ ആർടി-പിസിആർ പരിശോധനക്ക് വിധേയമാക്കണമെന്നും ബൽറാം ഭാർഗവ പറഞ്ഞു. രോഗം തിരിച്ചറിയുക, പരിശോധിക്കുക, ചികിത്സിക്കുക എന്നതാണ് ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ. കണ്ടെയ്‌ൻമെന്‍റ് സോണുകളിലും ആശുപത്രികളിലും പെട്ടെന്ന് രോഗം തിരിച്ചറിയുന്നതിനായി ആന്‍റിജൻ പരിശോധന നടത്തണമെന്ന് നിർദേശമുണ്ട്.
പരിശോധനാ വിവരങ്ങൾ ഐസിഎംആർ ഡാറ്റാബേസിൽ അപ്‌ലോഡ് ചെയ്യണമെന്നും ഐസൊലേഷൻ, ക്വാറന്‍റൈൻ, ചികിത്സയിൽ തുടരുന്നവർ തുടങ്ങി എല്ലാ പോസിറ്റീവ് കേസുകളും ജില്ലാ, മുനിസിപ്പൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഭാർഗവ അറിയിച്ചു. എല്ലാ സർക്കാർ ആശുപത്രികൾ, ലാബുകൾ, സ്വകാര്യ എൻഎബിഎച്ച്, എൻഎബിഎൽ ആശുപത്രികൾ എന്നിവ ആന്‍റിജൻ പരിശോധന ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇന്ത്യയിൽ 10,03,832 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 3,42,473 പേർ ചികിത്സയിൽ തുടരുമ്പോൾ 6,35,756 പേർ രോഗമുക്തി നേടി. 25,602 പേർക്ക് ജീവൻ നഷ്‌ടമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,956 പോസിറ്റീവ് കേസുകളും 687 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.