ബെംഗളുരൂ: കര്‍ണാടക മുൻ ഉപ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള സിദ്ധാര്‍ഥ എഞ്ചിനീയറിങ് കോളജ്, സ്കൂള്‍, സദാശിവ നഗറിലെ പരമേശ്വരയുടെ വീട് എന്നിവിടങ്ങളിലായിരുന്നു റെയ്ഡെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. രാവിലെ 7.45 ഓടെ മൂന്ന് കാറുകളിലെത്തിയ പത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍ റെയ്ഡ് നടക്കുമ്പോള്‍ പരമേശ്വര വീട്ടിലുണ്ടായിരുന്നില്ല. മെഡിക്കൽ പ്രവേശനത്തിനായി വലിയ തുക കള്ളപ്പണം സ്വരൂപിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഒരു ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിൽ പരമേശ്വരയെ പ്രതി ചേർത്തിട്ടുണ്ട്.
'റെയ്ഡ് നടക്കും എന്നതിനെ കുറിച്ച് അറിയില്ലായിരുന്നു, അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല, റെയ്ഡ് നടത്തുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും, തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും' ജി പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. സദാശിവനഗര്‍ സ്റ്റേഷനിലെ പത്ത് പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി പരമേശ്വരയുടെ വീടിന് കാവല്‍ നിര്‍ത്തിയിട്ടുണ്ട്. തുമകുരുവിലെ പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള സിദ്ധാർഥ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലും നാലംഗ സംഘം റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.