കൊവിഡിനെതിരെ ഉപയോഗിച്ചു വരുന്ന ആന്‍റി മലേറിയല്‍ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനിന്‍റെ ഉപയോഗം നിസാരമായി കാണരുത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, കടുത്ത രക്തസമ്മർദ്ദം, പേശികൾ അല്ലെങ്കിൽ നാഡികളുടെ തകരാറുകൾ, കാഴ്‌ച ശക്തിക്ക് ക്ഷതം എന്നിവ ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾക്ക് കാരണമായേക്കും. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അമേരിക്കയില്‍ വർധിച്ചുവരുന്ന കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഇന്ത്യയിൽ നിന്ന് ആവശ്യപ്പെട്ട ആന്‍റിമലേറിയൽ മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ.
ഹൈഡ്രോക്‌സിക്ലോറോക്വിനും പാര്‍ശ്വഫലങ്ങളും - Hydroxychloroquine
ഹൈഡ്രോക്‌സിക്ലോറോക്വിൻ ആരോഗ്യ പ്രവർത്തകർക്കും, കൊവിഡ് 19 കേസുകളുടെ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കും മാത്രമെ നല്‍കുകയുള്ളുവെന്ന് ഐ.സി.എം.ആര്‍.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പാർശ്വഫലം കണ്ണിന് ഉണ്ടാക്കുന്ന തകരാര്‍ ആണ്. ഓട്ടോ ഇമ്യൂണ്‍ പട്ടികയില്‍ വരുന്ന അസുഖങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ മരുന്നുകളിലൊന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിൻ. എങ്കിലും, ആരോഗ്യ വിദഗ്‌ധരുടെ ഇടയില്‍ ഡോസേജ് സംബന്ധിച്ച സമവായത്തിന്‍റെ അഭാവമാണ് ഇപ്പോള്‍ പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നത്. പ്രതിദിനം രണ്ടുതവണ 200 മില്ലിഗ്രാം ആണ് സാധാരണ അളവ്. എന്നിരുന്നാലും, ഈ ഡോസ് നൽകുന്നതിന് രോഗിയുടെ ഭാരം കുറഞ്ഞത് 80 കിലോ ആയിരിക്കണം. മുമ്പത്തെ റിപ്പോർട്ടുകൾ പ്രകാരം, കൊവിഡ് രോഗികൾക്ക് നിർദേശിച്ച അളവ് പ്രതിദിനം 600-800 മില്ലിഗ്രാം ആണ്. ഇത് സാധാരണ ഡോസിലും മൂന്നു മുതല്‍ നാല് മടങ്ങ് കൂടുതലാണ്. അത്തരം വലിയ ഡോസുകള്‍ റെറ്റിനോപ്പതി പോലുള്ള കാഴ്‌ച വൈകല്യങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടി കാട്ടുന്നു. വൃക്കകള്‍ ഹൈഡ്രോക്‌സിക്ലോറോക്വിൻ പുറന്തള്ളുന്നതിനാൽ വൃക്ക തകരാറുള്ള രോഗികളില്‍ അപകടസാധ്യത ഏറുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
ഉയർന്ന അളവിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ ദിവസവും ഉള്ളില്‍ ചെന്നാല്‍ പേശികള്‍ക്ക് ബലകുറവുള്ള പ്രായമായ ആള്‍ക്കാരില്‍ ജീവന് ഭീഷണി വരെ ഉണ്ടാവും. ലാബ് പരിശോധനകളില്‍ കോശങ്ങളിലേക്ക് പ്രവേശിക്കാനുള്ള കൊവിഡ് വൈറസിന്‍റെ കഴിവ് ഹൈഡ്രോക്സിക്ലോറോക്വിൻ നശിപ്പിക്കുന്നതായി ഗവേഷകർ നേച്ചർ മെഡിസിൻ ജേണലിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നിരുന്നാലും, ഇത് എല്ലാ ആളുകളിലും ഒരേ രീതിയിൽ പ്രവർത്തിക്കുന്നുമെന്നോ, ലാബിൽ പരീക്ഷിച്ച ഡോസുകൾ രോഗികള്‍ക്ക് താങ്ങാനാവുമെന്നോ അർഥമാക്കുന്നില്ല. ചൈനയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് പത്ത് ആശുപത്രികളിലെ നൂറിലധികം രോഗികളെ ഹൈഡ്രോക്‌സിക്ലോറോക്വിൻ സഹായിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകിയ രോഗികൾക്ക് വിവിധ അളവിലുള്ള അസുഖ ലക്ഷണങ്ങളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഹൈഡ്രോക്‌സിക്ലോറോക്വിൻ ആരോഗ്യ പ്രവർത്തകർക്കും, കൊവിഡ് 19 കേസുകളുടെ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കും മാത്രമെ നല്‍കുകയുള്ളുവെന്ന് ഐ.സി.എം.ആര്‍ വെളിപ്പെടുത്തി.