കേരളം

kerala

ETV Bharat / bharat

നീതിബോധത്തിന് മുകളില്‍ വെടിയുണ്ടകൾക്ക് പുഷ്പഹാരം ചാർത്തുമ്പോൾ - ഹൈദരാബാദ് വെടിവെയ്പ്പ് ലേറ്റസ്റ്റ് ന്യൂസ്

തെളിവുകളുടെ അഭാവത്തില്‍ ഒരു പ്രതിയും രക്ഷപ്പെടരുത്. ആരാച്ചാർ ഇല്ലാത്തതിന്‍റെ പേരില്‍ ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടാതെ പോകരുത്. കൊലപ്പെടുത്താൻ കാണിക്കുന്ന അതേ മിടുക്ക് പ്രതികളെ പിടികൂടാൻ പൊലീസ് കാണിക്കണം. അപ്പോൾ ജനം നിയമത്തിന് കയ്യടിക്കും. അല്ലാത്തപക്ഷം പൊലീസും ജനങ്ങളും നിയമം കയ്യിലെടുക്കുന്ന അപകടകരമായ അവസ്ഥ സംജാതമാകും.

hyderabad
അവർ വെടിയേറ്റുവീഴുമ്പോൾ

By

Published : Dec 6, 2019, 5:57 PM IST

Updated : Dec 6, 2019, 7:33 PM IST

ന്നുറങ്ങി എഴുന്നേല്‍ക്കുമ്പോൾ കേൾക്കാൻ ആഗ്രഹിച്ച വാർത്ത, അല്ലെങ്കില്‍ കാണാൻ ആഗ്രഹിച്ച കാഴ്ച മുന്നിലെത്തിയാല്‍ ആരും മതിമറന്ന് സന്തോഷിക്കും. അതാണ് ഇന്ന് പുലർച്ചെ ഹൈദരാബാദില്‍ സംഭവിച്ചത്. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നാല്‍ ഈ രാജ്യം ഒന്നടങ്കം സന്തോഷിക്കും. ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസാധാരണ സംഭവമാകാം. അതിലുപരി സാധാരണക്കാർ എന്ത് ആഗ്രഹിക്കുന്നുവോ അത് പൊലീസ് ചെയ്യുമ്പോഴുള്ള വികാരമാണ് ജനം പ്രകടമാക്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വീകരണവും അവരുടെ കൈകളില്‍ രാഖി കെട്ടിയുള്ള ആഘോഷവും നമുക്ക് പുതിയ അനുഭവമാണ്. തെലങ്കാനയിലെ യുവ ഡോക്ടർക്കും അവസാനമായി മകളുടെ മൃതശരീരം കാണാൻ പോലും കഴിയാതെ പോയ അവളുടെ അച്ഛനമ്മമാർക്കും ' നീതി ' ലഭിച്ചു എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നടക്കുന്ന പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്.

വെടിവെച്ചു കൊന്ന സംഭവത്തെ തുടര്‍ന്നുണ്ടായ ആഘോഷപ്രകടനങ്ങൾ

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പൊലീസ് തന്നെ ' നീതി ' നടപ്പാക്കിത്തുടങ്ങിയാല്‍ പിന്നെ നീതിന്യായ വ്യവസ്ഥയുടെ പ്രസക്തിയും ആവശ്യകതയും എന്തിനെന്ന ചോദ്യമാണ് അവിടെ ഉയരുന്നത്. നീതി നടപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയാണ്. ആൾക്കൂട്ടത്തിന്‍റെ വികാരത്തിനൊപ്പം പൊലീസും അവരെ നിയന്ത്രിക്കേണ്ട സർക്കാരും പ്രവർത്തിക്കാൻ തുടങ്ങിയാല്‍ രാജ്യത്തിന്‍റെ നിലനില്‍പ്പ് തന്നെ ബുദ്ധിമുട്ടിലാകും എന്ന് നിയമവിദഗ്ധർ വളരെ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. കേസും വിചാരണയും അതിന്‍റെ കാലതാമസവും ഒക്കെയായി പ്രതികൾ പൊതുജനത്തെ കളിയാക്കിക്കൊണ്ട് നിയമത്തിന്‍റെ പഴുതിലൂടെ രക്ഷപ്പെടുന്ന നിരവധി സാഹചര്യങ്ങൾ നമ്മുടെ മുന്നിലുണ്ട്. അത്തരം ഉദാഹരണങ്ങളാണ് പൊലീസ് നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകത്തെ ന്യായീകരിക്കാനും അഭിനന്ദിക്കാനും പൊതുജനത്തിന് പ്രചോദനമാകുന്നത്. നീതി വൈകുന്നതും നടപ്പാകാതെ പോകുന്നതുമാണ് സാധാരണ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തില്‍ കുറവു വരാൻ കാരണമെന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. പുലർച്ചെ തെളിവെടുപ്പിന് എത്തിച്ച ശേഷം പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നിയമത്തിന്‍റെ ഒരു പഴുതും അനുവദിക്കാതെ വെടിവെച്ച് കൊലപ്പെടുത്തിയ പൊലീസുകാർക്ക് വീര പരിവേഷം ലഭിക്കും.

വെടിവെച്ചു കൊന്ന സംഭവത്തെ തുടര്‍ന്നുണ്ടായ ആഘോഷപ്രകടനങ്ങൾ

സ്ത്രീകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനത്ത് പൊലീസിനും സർക്കാരിനും നേരെ ഉയരുന്ന ചോദ്യങ്ങൾക്ക് പകരം സർക്കാരിന് അഭിനന്ദന പ്രവാഹമുണ്ടാകും. ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടിയെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. അതിന്‍റെ തൊട്ടടുത്ത ദിവസം ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അതിനു ശേഷം രാജ്യമൊട്ടാകെ ആറോളം ബലാത്സംഗക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതില്‍ പിഞ്ചുകുഞ്ഞും ഉൾപ്പെടും. ഇവിടെയൊന്നും പ്രതികൾ പിടിക്കപ്പെട്ടിട്ടില്ല. കാരണം ഡോക്ടറുടെ കൊലപാതകം പോലെ അവിടെയൊന്നും പ്രതിഷേധം രൂപപ്പെട്ടില്ല. അതുകൊണ്ട് പ്രതികൾ പിടിക്കപ്പെടുകയും എല്ലാ ബലാത്സംഗക്കേസിലും പ്രതികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്യുന്നില്ല. പിടിയിലാകുന്ന പ്രതികൾ നമ്മുടെ നികുതിപ്പണം കൊണ്ട് തിന്നുകൊഴുത്ത് വീരൻമാരാകുന്നത് ജനത്തിന് സഹിക്കാനാകില്ല.

വെടിവെച്ചു കൊന്ന സംഭവത്തെ തുടര്‍ന്നുണ്ടായ ആഘോഷപ്രകടനങ്ങൾ

അങ്ങനെയൊരു മാനസിക അവസ്ഥയിലേക്ക് ജനത്തെ എത്തിക്കാതെ നിയമം ശരിയായി നടപ്പാക്കാനുള്ള ബാധ്യത നിയമനിർമാതാക്കളും ജുഡീഷ്യറിയും കാണിക്കുമെന്നാണ് ഈ രാജ്യം പ്രതീക്ഷിക്കുന്നത്. നിയമം കാലഹരണപ്പെട്ടുവെങ്കില്‍ അത് പരിഷ്ക്കരിക്കണം. അല്ലാത്തപക്ഷം പൊലീസ് നിയമം നടപ്പാക്കുമ്പോൾ ജനം കയ്യടിക്കും. തെളിവുകളുടെ അഭാവത്തില്‍ ഒരു പ്രതിയും രക്ഷപ്പെടരുത്. ആരാച്ചാർ ഇല്ലാത്തതിന്‍റെ പേരില്‍ ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടാതെ പോകരുത്. കൊലപ്പെടുത്താൻ കാണിക്കുന്ന അതേ മിടുക്ക് പ്രതികളെ പിടികൂടാൻ പൊലീസ് കാണിക്കണം. അപ്പോൾ ജനം നിയമത്തിന് കയ്യടിക്കും. അല്ലാത്തപക്ഷം പൊലീസും ജനങ്ങളും നിയമം കയ്യിലെടുക്കുന്ന അപകടകരമായ അവസ്ഥ സംജാതമാകും.

വെടിവെച്ചു കൊന്ന സംഭവത്തെ തുടര്‍ന്നുണ്ടായ ആഘോഷപ്രകടനങ്ങൾ


എല്ലാം ആസൂത്രിതം

മൃഗഡോക്ടറായ യുവതി നവംബർ 27ന് വൈകിട്ട് ആറരയോടെ ഷംഷാബാദിലെ ടോൾപ്ലാസയ്ക്ക് സമീപം സ്കൂട്ടർ നിർത്തിയ ശേഷം ഗച്ചിബൗളിയിലേക്ക് പോയി. തിരികെ വരുമ്പോൾ സ്കൂട്ടറിന്‍റെ ടയറുകൾ പഞ്ചറായിരുന്നു. ഇതിനിടെ സമീപത്തെ ലോറിത്താവളത്തില്‍ മദ്യപിച്ച ശേഷം വിശ്രമിക്കുകയായിരുന്ന പ്രതികൾ യുവതിയെ സഹായിക്കാനെത്തി. യുവതി സംശയം തോന്നി സഹോദരിയെ ഫോൺ ചെയ്തു. സ്കൂട്ടറുമായി തിരികെയെത്തിയ പ്രതികളില്‍ ഒരാളായ ജോളുവും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും ചേർന്ന് മദ്യം കുടിപ്പിച്ച ശേഷം യുവതിയെ സമീപത്തെ വളപ്പില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. ശേഷം രാത്രിയില്‍ പെട്രോളൊഴിച്ച് കത്തിച്ചു.

സ്കൂട്ടറിന്‍റെ ടയർ പഞ്ചറാക്കിയതുമുതല്‍ പ്രതികൾ നടത്തിയ ആസൂത്രിത നീക്കങ്ങൾ പൊലീസ് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കിയാണ് പ്രതികളെ പിടികൂടിയത്. അതിനുശേഷം പ്രതിഷേധം ശക്തമായി. യുവതിയുടെ വീട് സന്ദർശിക്കാൻ ശ്രമിച്ച രാഷ്ട്രീയക്കാരെ നാട്ടുകാർ രാഷ്ട്രീയ ഭേദമെന്യേ തടഞ്ഞു. മെഴുകുതിരി പ്രതിഷേധവുമായി സ്ത്രീകൾ തെരുവിലിറങ്ങി. പുറത്തറിഞ്ഞതിനേക്കാൾ വലിയ കനലാണ് ഹൈദരാബാദിലെ സ്ത്രീകൾ അടങ്ങുന്ന പൊതുസമൂഹം ഉള്ളില്‍ സൂക്ഷിച്ചത്. അത് കെടുത്താതെ പൊലീസിനും സർക്കാരിനും മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നു എന്നത് സത്യമാണ്. കേസിന്‍റെ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കാൻ സർക്കാർ അടിയന്തര നീക്കം നടത്തി വിജയം കണ്ടു. അതിനു ശേഷമാണ് കൊലപാതകം നടന്ന് പത്താംദിവസം പ്രതികൾ പൊലീന്‍റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. സർക്കാരിനും പൊലീസിനും അഭിമാന നിമിഷം.

മനുഷ്യാവകാശ ചോദ്യങ്ങൾക്ക് മറുപടിയുണ്ട്

തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിന്‍റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ആക്രമിക്കാൻ ശ്രമിച്ചു. ഇതാണ് പൊലീസ് വെടിവെയ്പ്പിനെ കുറിച്ച് കമ്മിഷണർ വിസി സജ്ജനാർ നല്‍കുന്ന വിശദീകരണം.

മുഹമ്മദ് ആരിഫ്, ശിവ, നവീൻ, ചെല്ല കേശവലു എന്നി പ്രതികളാണ് പൊലീസ് തിരിച്ച് വെടിവെച്ചപ്പോൾ കൊല്ലപ്പെട്ടത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങളില്‍ പ്രതികൾ പങ്കാളികളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്നും കമ്മിഷണർ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വെടിവെയ്പ്പിനെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയുണ്ടെന്നും കമ്മിഷണർ സജ്ജനാർ വ്യക്തമാക്കിക്കഴിഞ്ഞു.

Last Updated : Dec 6, 2019, 7:33 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details