ഹൈദരാബാദ്: അന്യജാതിയിലുള്ള യുവതിയെ വിവാഹം ചെയ്‌തതിന്‍റെ പേരിൽ ഇന്‍റീരിയര്‍ ഡിസൈനർ ഹേമന്ത് കുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സൈബരാബാദ് പൊലീസ് രണ്ട് പേരെ കൂടി കസ്‌റ്റഡിയിലെടുത്തു. ഹേമന്ത് കുമാറിന്‍റെ ഭാര്യയുടെ അച്ഛൻ ലക്ഷ്മ റെഡ്ഡി, സഹോദരൻ യുഗേന്ദർ റെഡ്ഡി എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഹൈദരാബാദ് ദുരഭിമാനക്കൊല: രണ്ട് പേരെ കൂടി കസ്‌റ്റഡിയിലെടുത്തു - hemanth murder case: two more taken in custody, probe on
ഹേമന്ത് കുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അവന്തിയുടെ പിതാവ് ലക്ഷ്മ റെഡ്ഡി, അമ്മാവൻ യുഗന്ധർ റെഡ്ഡി എന്നിവരെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്‌റ്റഡിയിലെടുത്തു
ജൂൺ 11ന് ഖുത്ബുള്ളാപൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ഹേമന്ത് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടർന്ന് സെപ്റ്റംബർ 24 ന് ഹേമന്തിനെ അവന്തിയുടെ കുടുംബാംഗങ്ങൾ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അവന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 18 പേർക്കെതിരെ ഗച്ചിബൗളി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. പൊലീസ് അറസ്‌റ്റ് ചെയ്‌ത 14 പേരിൽ 12 പേരും അവന്തിയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കളാണ്. അവന്തിയുടെ പിതാവ് ലക്ഷ്മ റെഡ്ഡി, അമ്മാവൻ യുഗന്ധർ റെഡ്ഡി എന്നിവരെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ജീവനേക്കാൾ അഭിമാനത്തിനാണ് തന്‍റെ കുടുംബം കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അതിനാലാണ് ഹേമന്ത് കുമാറിനെ കൊലപ്പെടുത്തിയതെന്നും ലക്ഷ്മ റെഡ്ഡി പറഞ്ഞു. പ്രതികളെല്ലാം മൂന്ന് കാറുകളിലായി അവന്തിയെയും ഹേമന്ത് കുമാറിനെയും വീട്ടിൽ നിന്ന് ബലമായി തട്ടിക്കൊണ്ടുപോകുകയും യാത്രാമധ്യേ അവന്തി ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഹേമന്തിന്‍റെ മൃതദേഹം സംഗറെഡ്ഡി ജില്ലയിലെ ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യാൻ ശുപാർശ ചെയ്‌തു കൊണ്ട് അവന്തി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.