ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള (ജിഎച്ച്‌എംസി) തെരഞ്ഞെടുപ്പ് ഡിസംബർ 1ന് നടത്തുമെന്ന് തെലങ്കാന തെരഞ്ഞെടുപ്പ് കമ്മിഷൻ. കൊവിഡ് വ്യാപനവും പ്രധാന രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായവും കണക്കിലെടുത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറുപയോഗിച്ചായിരിക്കും നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ സി. പാർഥസാരഥി അറിയിച്ചു.
ജിഎച്ച്‌എംസി തെരഞ്ഞെടുപ്പ് ഡിസംബർ 1ന് നടക്കും - greater hyderabad municipal corporation
കൊവിഡ് വ്യാപനവും പ്രധാന രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായവും പ്രകാരം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനു പകരം ബാലറ്റ് പേപ്പറുകളായിരിക്കും ഉപയോഗിക്കുക.
ഡിസംബർ 1ന് രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അറ് മണിവരെയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. നാമനിർദേശ പത്രികകൾ നവംബർ 18 മുതൽ സ്വീകരിക്കും. നവംബർ 22 വരെ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആവശ്യമെങ്കിൽ ഡിസംബർ മൂന്നിന് വീണ്ടും വോട്ടെടുപ്പ് നടത്തുമെന്നും വോട്ടെണ്ണൽ ഡിസംബർ നാലിന് നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 2016 ലെ തെരഞ്ഞെടുപ്പിൽ പിന്തുടർന്ന അതേ സംവരണ സമ്പ്രദായം തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും പാർഥസാരഥി പറഞ്ഞു. മേയർ സ്ഥാനം സ്ത്രീകൾക്കായി നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ ജിഎച്ച്‌എംസി തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടിആർഎസ് 150ൽ 90 സീറ്റുകൾ നേടിയാണ് വിജയിച്ചത്.