വിഹാൻ ഡയറക്ട് സെല്ലിങ് സ്കീമിൽ പങ്കാളിയാകരുതെന്ന് മുന്നറിയിപ്പ് - Hyd police warn
ക്യൂ നെറ്റ് കമ്പനിയുടെ ഉപ ഫ്രാഞ്ചൈസിയായ വിഹാൻ ഡയറക്ട് സെല്ലിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സ്കീമുകളിൽ പങ്കാളികളാകരുതെന്ന് ഹൈദരാബാദ് പൊലീസിന്‍റെ മുന്നറിയിപ്പ്
ഹൈദരാബാദ്: ക്യൂ നെറ്റ് കമ്പനിയുടെ ഉപ ഫ്രാഞ്ചൈസിയായ വിഹാൻ ഡയറക്ട് സെല്ലിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഒരു സ്കീമിലും പങ്കാളികളാകരുതെന്ന് ജനങ്ങൾക്ക് ഹൈദരാബാദ് പൊലീസിന്‍റെ മുന്നറിയിപ്പ്. കമ്പനിയുടെ നേരിട്ടുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം എന്നും പൊലീസ് പറഞ്ഞു. കമ്പനി ആക്ട് 2013 ലെ സെക്ഷൻ 271 പ്രകാരമാണ് വിഹാൻ ഡയറക്ട് സെല്ലിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നേരിട്ടുള്ള വിൽപന നിർത്താൻ തീരുമാനിച്ചത്. ക്യുനെറ്റ് സ്കീമുകളിൽ ചേരാനോ അതിലേക്ക് അംഗങ്ങളെ ചേർക്കാനോ ശ്രമിക്കരുത് എന്നും പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.
സൈബെരാബാദ് കമ്മീഷണറേറ്റിന്‍റെ പരിധിയിലുള്ള വിവിധയിടങ്ങളിൽ നിന്നായി ഇതുവരെ കമ്പനിയുമായി ബന്ധപ്പെട്ട് 38 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 70 പേരെ അറസ്റ്റുചെയ്തു. ഇതുകൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിഹാൻ ഡയറക്ട് സെല്ലിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രമോട്ടർമാർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. എന്നാൽ തങ്ങൾക്കെതിരെയുളള ആരോപണം തെറ്റാണെന്നാണ് ക്യു നെറ്റ് നൽകുന്ന വിശദീകരണം.