ഹൈദരാബാദ്:സെപ്റ്റംബർ 22 ന് ഹ്യൂസ്റ്റണിൽ നടക്കുന്ന ‘ഹൗഡി മോദി’ റാലിയിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ പാകിസ്ഥാനിലും ചൈനയിലും കോളിളക്കം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ- അമേരിക്ക ബന്ധം ഒരു പുതിയ തലത്തിലെത്തിയെന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള ട്രംപിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് പാകിസ്ഥാന്‍റെ വാദം. ട്രംപിന്‍റെ നീക്കത്തെ പാക് മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.
ആദ്യമാണ് മറ്റ് രാജ്യത്തെ പ്രധാമന്ത്രി നയിക്കുന്ന റാലിയില്‍ അമേരിക്കയുടെ പ്രസിഡന്‍റ് പങ്കെടുക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം. ഇത്തരത്തിലൊരു തീരുമാനത്തിലെത്തണമെങ്കില്‍ വളരെ ഗൗരവ തരമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മനസ്സിൽ വെച്ചാണ് ട്രംപ് ഈ തീരുമാനം എടുത്തതെന്ന് പറയുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ യുദ്ധ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. മാത്രമല്ല, ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ ഒന്നുകിൽ അടയ്ക്കുകയോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.
പസഫിക്ക്, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ വർദ്ധിച്ചുവരുന്ന ചൈനീസ് നാവികസേനയുടെ പ്രവർത്തനങ്ങൾ യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. യുഎസുമായുള്ള ബന്ധം ചൈനയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കരുത് എന്നതായിരുന്നു ഇന്ത്യയുടെ നയം. എന്നാൽ അടുത്തിടെ ജമ്മു കശ്മീർ വിഷയത്തിൽ ചൈന പാകിസ്ഥാനെ പരസ്യമായി അനുകൂലിച്ചത് ഇന്ത്യന്‍ നയങ്ങളില്‍ മാറ്റം കൊണ്ടു വരാന്‍ മോദിയെ പ്രേരിപ്പിച്ചു.