മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് രാജ്യത്തിന് ആശ്വാസമാകുന്നു. ഏഴ് ലക്ഷത്തിലധികം ജനസംഖ്യയുള്ള ധാരവി ചേരിയിൽ ആദ്യത്തെ കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇവിടം ഒരു ഹോട്ട് സ്പോട്ട് ആകാമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കേസുകൾ പലമടങ്ങ് വർദ്ധിച്ചുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കേസുകൾ വളരെ കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും വലിയ കൊവിഡ് ഹോട്ട്‌സ്പോട്ടിൽ നിന്ന് തിരക്കേറിയ നഗരങ്ങൾക്കും കൊവിഡിനെ പിടിച്ചുകെട്ടാൻ പാടുപെടുന്ന വികസ്വര രാജ്യങ്ങൾക്കും ഒരു മാതൃകയാവുകയാണ് ഇന്ന് ധാരാവി ചേരി. കഴിഞ്ഞ ആഴ്ചകഴിൽ ഇവിടെ 10 മുതൽ 15 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
കൊവിഡ് നിയന്ത്രണം അസാധ്യമാണെന്ന് കരുതിയ സമയത്താണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ 'ചേസ് ദി വൈറസ്' എന്ന സമീപനത്തിലൂടെ കൊവിഡ് വ്യാപനത്തെ വരിധിയിൽ ആക്കിയത്. 'മിഷൻ ധാരവി' യാണ് ചേരിയിലെ കൊവിഡ് വ്യാപനത്തെ പിടിച്ചു കെട്ടാൻ സഹായിച്ചത്. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ ഇവിടെ സാമൂഹിക അകലം പാലിക്കുന്നത് സാധ്യമല്ലായിരുന്നു. അതിനാൽ പരിശോധന ശക്തമാക്കിയെന്നും കർശനമായ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയെന്നും നോർത്ത് ഡിവിഷനിലെ അസിസ്റ്റന്‍റ് കമ്മീഷണറും ധാരവിയിൽ കൊവിഡ് വ്യാപനം തടയുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനുമായ കിരൺ ദിഘവ്കർ പറഞ്ഞു.മുനിസിപ്പാലിറ്റിയുടെ വീടുതോറുമുള്ള പരിശോധനയും രണ്ട് കിലോമീറ്ററിലധികം വിസ്തൃതിയുള്ള വാസസ്ഥലങ്ങളിലെ ശുചീകരണവും ഫലപ്രദമായ ക്വാറന്‍റൈനും ധാരവിയിൽ കൊവിഡ് 19ന്‍റെ വ്യാപനത്തെ തടഞ്ഞെന്നും അദേഹം പറഞ്ഞു.