ഹൈദരാബാദ്:തെലങ്കാനയിൽ കൊവിഡ് -19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏപ്രിൽ 20ന് ശേഷവും ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടാവില്ലെന്ന് സൂചന. ഇത് സംബന്ധിച്ച് മന്ത്രിസഭാ ഞായറാഴ്ച നിർണായക യോഗം ചേരും. എന്നാൽ എല്ലാ ദിവസവും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) സർക്കാർ ഇളവുകൾക്ക് നൽകില്ലെന്നാണ് സൂചന.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 116 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 766 ആയി. ഈ ഘട്ടത്തിൽ ഇളവുകൾ നൽകുന്നത് ആത്മഹത്യാപരമാണെന്നും ലോക്ക് ഡൗൺ ലംഘിക്കപ്പെട്ടാൽ ഇതുവരെ നടത്തിയ എല്ലാ ശ്രമങ്ങളും ഇല്ലാതാകുമെന്നും ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും പറയുന്നു.
മെയ് മൂന്ന് വരെ ലോക്ക് ഡൗൺ തുടരാൻ സാധ്യതയുണ്ട്. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് നഗരപ്രദേശങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ വീണ്ടും തുറക്കും. ഇ-കൊമേഴ്‌സ് കമ്പനികൾക്ക് പ്രവർത്തനം പുനരാരംഭിക്കും. അതേസമയം ഐടി, ഐടിഇഎസ് കമ്പനികൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുവാദമുണ്ട്. ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മരപ്പണിക്കാർ തുടങ്ങിയ സ്വയംതൊഴിലുകാർക്കും തൊഴിൽ അനുമതി നൽകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടുന്നതിന് മുമ്പുതന്നെ തെലങ്കാനയില്‍ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നു. മെയ് മൂന്നിന് ശേഷം നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചില മേഖലകൾ തുറന്നുകഴിഞ്ഞാൽ അത് കുഴപ്പത്തിലേക്ക് നയിച്ചേക്കാമെന്നും വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും കെസിആർ സർക്കാർ വ്യക്തമാക്കി.