ന്യൂഡല്‍ഹി:പണം മുഴുവനായി അടച്ചു തീര്‍ക്കാത്തതിനാല്‍ ആശുപത്രിയധികൃതര്‍ മൃതദേഹം വിട്ടു നല്‍കിയില്ല. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സ് ആശുപത്രിയിലാണ് ബില്ലടച്ചു തീര്‍ക്കാത്തതിനെ തുടര്‍ന്ന് രോഗിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് നല്‍കാതെ പിടിച്ചുവെച്ചത്. ബില്ലായി 3.5 ലക്ഷം രൂപ കൂടി അടച്ചു തീര്‍ക്കാനുണ്ടായിരുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയില്‍ 22 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. ബിഹാറിലെ ഗോപാല്‍ ഗഞ്ച് സ്വദേശിയായ അനന്ദ് കുമാര്‍ പാണ്ഡെയുടെ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. കരള്‍ ചികില്‍സയ്‌ക്കായി മകള്‍ക്കൊപ്പം ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയതായിരുന്നു അനന്ദ് കുമാര്‍ പാണ്ഡെ. ചികില്‍സയ്‌ക്കിടെയാണ് അനന്ദ് കുമാറിന്‍റെ മരണം.
കുടിശിക അടയ്ക്കാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം പിടിച്ചുവെച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സ് ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികില്‍സയ്‌ക്കായി 22 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. 3.5 ലക്ഷം രൂപ കൂടി ആശുപത്രിയില്‍ അടച്ചു തീര്‍ക്കാനുണ്ടായിരുന്നു.
സ്വത്ത് മുഴുവന്‍ വിറ്റാണ് ചികില്‍സയ്‌ക്കായി പണം സ്വരൂപിച്ചതെന്നും ഇനി കൈയില്‍ പണമില്ലെന്നും അനന്ദ് കുമാര്‍ പാണ്ഡെയുടെ മകള്‍ പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ ഇത്തരം കേസുകള്‍ പതിവാണെങ്കിലും ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരം ഒരു സംഭവം ആദ്യമായി കേള്‍ക്കുകയാണെന്നും അഭിഭാഷകനായ അശോക് അഗര്‍വാള്‍ പറഞ്ഞു.
അനന്ദ് കുമാര്‍ ബിപിഎല്‍ കാര്‍ഡുടമയായിട്ടും 22 ലക്ഷം രൂപ വരെ കുടുംബം അടച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിശിക അടച്ചില്ലെങ്കിലും മൃതദേഹം തടഞ്ഞുവെക്കരുതെന്ന് ഗംഗാറാം ആശുപത്രി കേസിലെ ഡല്‍ഹി ഹൈക്കോടതി വിധിയെ ഉദ്ദരിച്ച് അശോക് അഗര്‍വാള്‍ പറഞ്ഞു. സര്‍ക്കാരും പൊലീസും വിഷയത്തില്‍ ഇടപെടണമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.