ബെംഗളൂരു: പക്ഷികളുടേയും മൃഗങ്ങളുടേയും സ്നേഹ കഥകൾ നാം കേട്ടിട്ടുണ്ട്. പക്ഷേ അവയെല്ലാം വളർത്തുമൃഗങ്ങളും വളർത്തു പക്ഷികളുമായിരുന്നു. എന്നാല്‍ കാർവാർ ജില്ലയിലെ ഹൊന്നകേരി ഗ്രാമത്തിലെ കൃഷ്‌ണാനന്ദ ഷെട്ടിയുടെ വീട്ടിലെത്തുന്നത് ഒരു മലമുഴക്കി വേഴാമ്പലാണ്. മനുഷ്യനുമായി അധികം അടുത്തിടപഴകാത്ത മലമുഴക്കി വേഴാമ്പൽ കൃഷ്‌ണാനന്ദ ഷെട്ടിയുടെ വീട്ടിലെ സ്ഥിരം അതിഥിയാണ്.
ഷെട്ടിയുടെ കുടുംബാംഗങ്ങളുമായി ആഴമേറിയ അടുപ്പമാണ് ഈ പക്ഷിക്കുള്ളത്. ഇപ്പോൾ ഒരു കുടുംബാഗത്തെ പോലെ. ഏറെ സന്തോഷത്തോടെയും ഇഷ്‌ടത്തോടെയും അവർ ഭക്ഷണവും ധാന്യങ്ങളും മധുര പലഹാരങ്ങളുമെല്ലാം വേഴാമ്പലിന് നല്‍കും. ദിവസവും മൂന്നു പ്രവശ്യം നിശ്ചിത സമയത്ത് ഷെട്ടിയുടെ വീട്ടിലേക്ക് വേഴാമ്പലെത്തും.
ഈ വേഴാമ്പല്‍ വിരുന്നുകാരിയല്ല, ഷെട്ടിയുടെ വീട്ടിലെ അംഗത്തെ പോലെ ആദ്യമൊക്കെ ഷെട്ടിയുടെ കുടുംബാംഗങ്ങൾ ഒഴികെ ആരെ കണ്ടാലും വേഴാമ്പൽ പേടിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറമെ നിന്ന് വരുന്നവരുമായും വേഴാമ്പല്‍ ഇടപഴകുകയും കുട്ടികളുമായി ഒളിച്ചു കളിക്കുകയുമെല്ലാം പതിവാണ്. ഹൊന്നകേരി ഗ്രാമത്തില്‍ വേറെയും വീടുകള്‍ ഉണ്ടെങ്കിലും ഷെട്ടിയുടെ വീട്ടില്‍ മാത്രമേ വേഴാമ്പല്‍ പറന്നിറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യൂ. ആദ്യമൊക്കെ ഭക്ഷണം വാങ്ങി പറന്നു പോകുമായിരുന്നു. പിന്നീട് അവിടെ തന്നെ ഇരുന്നു കൊണ്ട് കഴിക്കാനും കുടുംബാംഗങ്ങളുമായി കളിക്കാനും ആരംഭിച്ചു.
ഇന്ത്യയിലെ മഴക്കാടുകളില്‍ മാത്രം കണ്ടു വരുന്ന പക്ഷിയാണിത്. ചിറകിന്‍റെ രൂപഘടനയാണ് ഏറ്റവും വലിയ പ്രത്യേകത. പറന്നുയരുമ്പോള്‍ ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. വെള്ള നിറത്തിലുള്ള കഴുത്തും വാലും, കറുപ്പ് നിറത്തിലുള്ള മുഖവും ചിറകുകളുമാണ്. ഓരോ ചിറകിലും രണ്ട് വെളുത്ത വരകള്‍ കാണാം. എന്നാല്‍ പറക്കുമ്പോള്‍ അത് അപ്രത്യക്ഷമാകും. സാധാരണയായി പശ്ചിമ ഘട്ടത്തിലാണ് ഇവ കാണപ്പെടുന്നത്.