ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും സിഎഎക്കുറിച്ചും വ്യാജ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. തീര്‍ത്തും പരിഹാസ്യമായ പ്രസ്താവനയാണിതെന്നും ബിജെപിയാണ് വ്യാജവാര്‍ത്തകളുടെ ഫാക്ടറിയെന്നും കോണ്‍ഗ്രസ് വക്താവ് ജെയ്‌വര്‍ ഷെഗില്‍. ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അടിസ്ഥാനപരമായി സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് നേരെയുള്ള മാരകായുധമാണ്.
ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതിയായാലും എന്‍ആര്‍സി ആയാലും ഇതിനൊക്കെയെതിരെയുള്ള പ്രതിഷേധങ്ങളും ഉറച്ച ശബ്ദങ്ങളും ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്‍ആര്‍സി യുപിഎ സര്‍ക്കാരിന്‍റെ കാലം മുതലുള്ള പദ്ധതിയായിരുന്നുവെന്ന ആരോപണങ്ങള്‍ തീര്‍ത്തും അസംബന്ധമാണെന്ന് തെളിയിക്കുന്ന പ്രസ്താവന അടുത്ത കാലത്ത് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് നടത്തിയ പ്രസ്താവന തന്നെ ഉത്തമ ഉദാഹരണമാണ്. എന്‍പിആര്‍ യുപിഎ സര്‍ക്കാരിന്‍റേതാണെന്നും ഇതിന് എന്‍ആര്‍സിയുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു റാം മാധവ് പറഞ്ഞത്.