സിംല: ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന 27 കീടനാശിനികള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനിടെ വരുമാനവും ഉല്‍പാദന ക്ഷമതയും കുറയുമെന്ന ആശങ്കയില്‍ ഹിമാചലിലെ കര്‍ഷകര്‍. നിരോധനത്തിന് മുന്‍പ് ആശങ്കയ്‌ക്ക് പരിഹാരമുണ്ടാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ജൈവ കൃഷി ഉല്‍പാദനക്ഷമതയെ കുറക്കുമെന്നും കശ്‌മീരിലും ഹിമാചലിലും കണ്ടു വരുന്ന ആപ്പിള്‍ സ്‌കാബ് പോലുള്ള രോഗങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്ന ആശങ്കയും തങ്ങള്‍ക്കുണ്ടെന്ന് കര്‍ഷകര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. കീടനാശിനികള്‍ നിരോധിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം കൂടി നിര്‍ദേശിച്ചില്ലെങ്കില്‍ വിളകള്‍ നശിക്കുമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.
കര്‍ഷകര്‍ക്കും തോട്ടക്കാര്‍ക്കും ആവശ്യമായ ബദല്‍ മാര്‍ഗങ്ങള്‍ ലഭ്യമാണെന്ന് കര്‍ഷകരുടെ ആശങ്കകള്‍ തള്ളിക്കളഞ്ഞ് കൊണ്ട് ഹിമാചല്‍ പ്രദേശ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഡയറക്‌ടര്‍ മദന്‍ മോഹന്‍ ശര്‍മ പറഞ്ഞു. ഓരോ സീസണിലെയും സ്‌പ്രേ ഷെഡ്യൂളിലേക്കായി സര്‍ക്കാര്‍ നാലു ബദല്‍ മാര്‍ഗങ്ങള്‍ നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ തീരുമാനം നിരവധി കര്‍ഷകരെ ബാധിക്കില്ലെന്ന് മദന്‍ മോഹന്‍ ശര്‍മ വ്യക്തമാക്കി. ഞങ്ങള്‍ തെരഞ്ഞെടുക്കുന്ന നാല് കീടനാശിനികള്‍ ഒന്ന് നിരോധിക്കപ്പെട്ടാലും മൂന്നെണ്ണം ബാക്കിയുണ്ടെന്നും മതിയായ ബദല്‍ മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.