ഷിംല: എല്ലാ വീടുകളിലും എൽപിജി ഗ്യാസ് കണക്ഷനുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ. ഹിമാചൽ ഗൃഹിണി സുവിധ യോജനയുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വിറക് അടുപ്പ് പോലുള്ള പരാമ്പരാഗത രീതി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുക ഏറെ ശ്രമകരമാണ്. ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് ജയ് റാം താക്കൂർ പറഞ്ഞു.
സമ്പൂര്‍ണ പാചക വാതക കണക്ഷനുള്ള സംസ്ഥാനമായി മാറി ഹിമാചല്‍പ്രദേശ്
സംസ്ഥാനത്തെ 2,76,243 കുടുംബങ്ങൾക്ക് ഹിമാചൽ ഗൃഹിണി സുവിധ യോജനയിലൂടെ സൗജന്യമായി ഗ്യാസ് കണക്ഷൻ നല്‍കി
സംസ്ഥാനത്തെ 1.36 ലക്ഷം കുടുംബങ്ങൾക്ക് പ്രധാൻമന്ത്രി ഉജ്ജ്വല പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ബാക്കി കുടുംബങ്ങൾക്ക് ഹിമാചൽ ഗൃഹിണി സുവിധ പദ്ധതിയിലൂടെ എല്‍പിജി കണക്ഷൻ നല്‍കി. 2,76,243 കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ സൗജന്യമായി ഗ്യാസ് കണക്ഷൻ ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാജ്യത്തെ കോടിക്കണക്കിന് ആളുകൾ പാചക വാതക സബ്‌സിഡി സ്വമേധയാ ഉപേക്ഷിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹിമാചൽ ഗൃഹിണി സുവിധ യോജനയുടെ നിരവധി ഗുണഭോക്താക്കൾ മുഖ്യമന്ത്രിയുമായി സംവദിക്കുകയും അവരുടെ ജീവിതം മാറ്റിമറിച്ച പദ്ധതി നടപ്പിലാക്കിയതില്‍ നന്ദി അറിയിക്കുകയും ചെയ്‌തു.