ഹിമാചല്‍ പ്രദേശില്‍ മെയ് നാല് മുതല്‍ മദ്യവില്‍പന പുനരാരംഭിക്കും - കൊവിഡ് 19 വാർത്ത
സംസ്ഥാന മന്ത്രിസഭയുടേതാണ് തീരുമാനം
ഷിംല: രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുന്ന മെയ് നാല് മുതല്‍ ഹിമാചല്‍ പ്രദേശില്‍ മദ്യവില്‍പന പുനരാരംഭിക്കാന്‍ തീരുമാനം. പാർലമെന്‍ററി കാര്യ മന്ത്രി സുരേഷ് ഭരദ്വാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ കാരണം മാർച്ച് 22 മുതല്‍ മെയ് മൂന്ന് വരെ അടച്ചിട്ട മദ്യവില്‍പനശാലകളില്‍ നിന്നും ലൈസന്‍സ് ഫീ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്‍റെ നേതൃത്വത്തില്‍ ചേർന്ന മന്ത്രിസഭയുടേതാണ് തീരുമാനം. ഈ വർഷത്തെയും അടുത്ത വർഷത്തെയും ഏക്‌സൈസ് നയത്തില്‍ മാറ്റം വരുത്താനും യോഗത്തില്‍ തീരുമാനമായി. 2019-20 വർഷത്തെ എക്‌സൈസ് പോളിസി മെയ് 31 വരെ തുടരും. നേരത്തെ മാർച്ച് 31 വരെയായിരുന്നു കാലാവധി. 2020-21 വർഷത്തെ എക്‌സൈസ് പോളിസിയുടെ കാലാവധി ജൂണ്‍ ഒന്ന് മുതല്‍ 2021 മാർച്ച് 31 വരെയാക്കി നിജപ്പെടുത്തുകയും ചെയ്‌തു. രാജ്യത്ത് കൊവിഡ് 19-നെ തുടർന്നുള്ള ലോക്ക് ഡൗണ്‍ കേന്ദ്രം മെയ് 17 വരെ നീട്ടിയിരുന്നു. അതേസമയം രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ വരുന്ന ഞായറാഴ്‌ച സമാപിക്കും.