ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി-ആരോഗ്യ വകുപ്പ് മന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൂടിക്കാഴ്‌ച നടത്തും. സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറന്‍സിലൂടെ ഉന്നതതല യോഗം ചേരുന്നത്.
കൊവിഡ് വ്യാപനം; ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും
മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, ഡൽഹി, പഞ്ചാബ്, കർണാടക, യുപി മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തുന്നത്
മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, ഡൽഹി, പഞ്ചാബ്, കർണാടക, യുപി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്‌ച നടത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്തെ 63 ശതമാനം കൊവിഡ് ബാധിതരും ഈ സംസ്ഥാനങ്ങളിലാണുള്ളത്. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ 77 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പഞ്ചാബിലും യുപിയിലും ദേശീയ ശരാശരിയായ 8.53 ശതമാനത്തെക്കാൾ ഉയർന്ന നിരക്കിലാണ് കൊവിഡ് ബാധിതരുടെ എണ്ണം. സംസ്ഥനങ്ങളുടെ സഹകരണത്തോടെയാണ് കേന്ദ്ര സർക്കാർ കൊവിഡിനെതിരായ പോരാട്ടം നയിക്കുന്നത്. സംസ്ഥാനങ്ങൾക്ക് വേണ്ട അടിസ്ഥാന ആരോഗ്യ സംവിധാനങ്ങൾ കേന്ദ്ര സർക്കാർ ഒരുക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,083 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 1,053 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 44,97,868 പേർക്ക് ഇതുവരെ രോഗം ഭേദമായി. 9,75,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 88,935 പേർ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.