ജയ്‌പൂർ:രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വസ്‌തുക്കൾക്കെതിരെയുള്ള പോരാട്ടം നിലവിലെ രാജ്യവ്യാപക പ്രചാരണത്തിന് ഏറെ മുമ്പ് തന്നെ ആരംഭിച്ചതാണ്. ക്ലീൻ അൽവാർ എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ ഞായറാഴ്‌ചകളിലും അൽവാർ ജില്ലയുടെ ഓരോ പാതകളിലും തെരുവുകളിലും കോളനികളിലും ഇവിടുത്തെ പൗരന്മാർ ഒത്തുകൂടി ശുചീകരണ പ്രക്രിയ നടത്തുന്നു.
പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി 'ഹെൽപിങ് ഹാൻഡ്' ഹെൽപിങ് ഹാൻഡ് എന്ന സംഘടനയാണ് കഴിഞ്ഞ അഞ്ച് വർഷമായി തുടർന്നുപോരുന്ന ഈ ശുചീകരണ പ്രക്രിയക്ക് നേതൃത്വം നൽകുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് നിരവധി സന്നദ്ധപ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഒരു യുവജന കേന്ദ്രീകൃത സ്വയം സന്നദ്ധ സംഘടനയാണ് ഹെൽപിങ് ഹാൻഡ്. കൂട്ടായ്‌മയുടെ രൂപീകരണത്തിന് ശേഷം തുടർച്ചയായ 106 ആഴ്ചത്തെ ശുചീകരണ പ്രവർത്തനങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്. അൽവാർ ജില്ലക്ക് പുറത്തേക്കും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരിക്കുകയാണ്.
നഗരങ്ങളെയും ഗ്രാമങ്ങളെയും ഭംഗിയാക്കാനും ശുചിത്വം ഉറപ്പുവരുത്താനും തങ്ങൾ ആഗ്രഹിക്കുന്നതായി ഹെൽപിങ് ഹാൻഡ് പ്രവർത്തകൻ വിമൽ ഇടിവി ഭാരതിനോട് പറഞ്ഞു. എല്ലാ ഞായറാഴ്ചയും പൊതു സ്ഥലങ്ങളിൽ ഒത്തു ചേർന്ന് ഞങ്ങൾ വൃത്തിയാക്കുന്നു. നിരന്തരമായി അഭ്യർഥിച്ചിട്ടും ഭരണകൂടം ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിമൽ പറഞ്ഞു.
ജില്ലയിലുടനീളം 250ൽ പരം പ്രവർത്തകരാണ് എല്ലാ ഞായറാഴ്‌ചയും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെ ശേഖരിക്കുന്ന മാലിന്യങ്ങളെല്ലാം മുനിസിപ്പാലിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് മറ്റൊരു ഹെൽപിങ് ഹാൻഡ് പ്രവർത്തകൻ രാജേന്ദർ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ വസ്‌തുക്കളും സംഘടനയിലെ അംഗങ്ങൾ തന്നെ സംഭാവന ചെയ്‌തതാണെന്നും രാജേന്ദർ കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷമായുള്ള പ്രവർത്തനങ്ങളിലൂടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടാനുള്ള മികച്ച ചുവടുവയ്‌പാണെന്ന് തെളിയിച്ചിരിക്കുകയാണ് ഹെൽപിങ് ഹാൻഡ് എന്ന സംഘടന.