ന്യൂഡൽഹി: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകർ സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളിലെ അണുബാധ നിയന്ത്രണ സമിതികൾ സജീവമാക്കണമെന്നും അണുബാധ എങ്ങനെ തടയാമെന്ന് ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രികളിലെ അണുബാധയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നോഡൽ ഓഫിസർ പരിശോധിക്കണം. പിപഇകൾ നിർബന്ധമായും ഉപയോഗിക്കേണ്ട ജീവനക്കാർ ഇതിൽ വീഴ്ച വരുത്തുന്നില്ലെന്നും പിപിഇ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ജീവനക്കാർക്ക് ലഭിച്ചിട്ടുണ്ടെന്നും സാധാരണ ലക്ഷണങ്ങളെയും കൊവിഡ് 19 ലക്ഷണങ്ങളെയും അവർക്ക് തിരിച്ചറിയാം തുടങ്ങിയ കാര്യങ്ങൾ നോഡൽ ഓഫീസർമാർ പരിശോധിച്ച് അറിയിക്കണം.
ആരോഗ്യപ്രവർത്തകർക്കുള്ള മാർഗനിർദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ - കൊവിഡ് ലക്ഷണങ്ങൾ
കൊവിഡ് ലക്ഷണങ്ങളും അല്ലാത്തവയും തിരിച്ചറിയാൻ ഓരോ ആരോഗ്യ പ്രവർത്തകർക്കും സാധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
എല്ലാ ആശുപത്രി ജീവനക്കാരുടെയും താപനില സ്ഥിരമായി പരിശോധിക്കണം. കൂടാതെ കൊവിഡ് 19 രോഗികളെ പരിചരിക്കുന്ന ജീവനക്കാർക്ക് കീമോ-പ്രോഫിലാക്സിസ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ജീവനക്കാർ സാനിറ്റെസർ ഉപയോഗിച്ച് കൈകൾ കഴുകുന്നുണ്ടെന്നും ശ്വസന മര്യാദകൾ പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം.
ആരോഗ്യ പ്രവർത്തകർ സാമൂഹിക അകലം പാലിക്കണമെന്നും ഡ്യൂട്ടി സമയത്തും അല്ലാത്തപ്പോഴും മാസ്കുകൾ ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റേതെങ്കിലും അസുഖങ്ങൾ ഉള്ളവരോ, ഗർഭിണികളോ, മുലയൂട്ടുന്ന അമ്മമാരോ ഉണ്ടെങ്കിൽ ഇക്കാര്യം യഥാക്രമം ആശുപത്രിയെ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.