കേരളം

kerala

ETV Bharat / bharat

കൊവിഡില്‍ തകര്‍ന്ന പൊതുജനാരോഗ്യ സംവിധാനത്തെ പുനര്‍മിര്‍മ്മിക്കാന്‍ പുതിയ ആരോഗ്യ ബജറ്റിന് കഴിയുമോ? - ആരോഗ്യ ബജറ്റ്

2021-22 ലേക്കുള്ള കേന്ദ്ര ബജറ്റില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനും ആരോഗ്യ ഗവേഷണ, ആയുഷ് മന്ത്രാലയത്തിനുമെല്ലാം ചേര്‍ന്നുകൊണ്ട് 76901 കോടി രൂപയാണ് ധനകാര്യമന്ത്രി വകയിരുത്തിയിരിക്കുന്നത്.

Will the new health budget be able to rebuild the public health system  health budge  budget  public health system  കൊവിഡ് മൂലം ദുര്‍ബലമായ പൊതുജനാരോഗ്യ സംവിധാനത്തെ പുനര്‍മിര്‍മ്മിക്കാന്‍ പുതിയ ആരോഗ്യ ബജറ്റിന് കഴിയുമോ?പുതിയ ആരോഗ്യ ബജറ്റിന് കഴിയുമോ?  കൊവിഡ്  ആരോഗ്യ ബജറ്റ്  കേന്ദ്ര ബജറ്റ്
കൊവിഡ് മൂലം ദുര്‍ബലമായ പൊതുജനാരോഗ്യ സംവിധാനത്തെ പുനര്‍മിര്‍മ്മിക്കാന്‍ പുതിയ ആരോഗ്യ ബജറ്റിന് കഴിയുമോ?പുതിയ ആരോഗ്യ ബജറ്റിന് കഴിയുമോ?

By

Published : Feb 5, 2021, 3:36 PM IST

ഡോക്ടര്‍ സരിത് കുമാര്‍ റൗട്ട്

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് ഇരട്ട പ്രശ്‌നങ്ങളാണ് കൊവിഡ്-19 മഹാമാരി സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി വരുമാനം സൃഷ്ടിക്കലിനെ ബാധിച്ചിരിക്കുന്നു. അതോടൊപ്പം ആരോഗ്യ, സാമൂഹിക സുരക്ഷാ പരിപാടികള്‍ അടങ്ങുന്ന സാമൂഹിക മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കേണ്ട ആവശ്യവും ഉയര്‍ന്നിരിക്കുന്നു. ഈ രണ്ട് പ്രതിസന്ധികള്‍ക്കിടയിലും സന്തുലിതമായി പിടിച്ചു നില്‍ക്കുക എന്നുള്ളത് ഒരു ഭഗീരഥപ്രയത്‌നം തന്നെയാണ്. പ്രത്യേകിച്ച് ധനകാര്യ മുന്‍ കരുതലിന്‍റെ പശ്ചാത്തലത്തില്‍. എന്നിരുന്നാലും കേന്ദ്ര ബജറ്റ് ഒരു മധ്യവര്‍ത്തി പാതയാണ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ ആവശ്യത്തിന് പണം ചെലവഴിക്കാതിരിക്കുന്നത് ഇന്ത്യയില്‍ നിരന്തരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതേ സമയം കൊവിഡ്-19 ആരോഗ്യ മേഖലയിലെ പഴുതുകളടക്കുന്നതിനായി ആരോഗ്യ രംഗത്തിനു വേണ്ടി കൂടുതല്‍ പൊതു മുതല്‍ മുടക്ക് ആവശ്യമാണെന്ന് വരുത്തുകയും ചെയ്തിരിക്കുന്നു. വികസിത, വികസ്വര സംസ്ഥാനങ്ങള്‍ എന്ന കണക്കില്ലാതെ തന്നെ എല്ലാവരും മഹാമാരിയുടെ പ്രത്യാഘാതം നേരിട്ടുകൊണ്ടിരിക്കുന്നത് ഏവരും കാണുകയാണ്. ആരോഗ്യ വ്യവസ്ഥയിലെ തയ്യാറെടുപ്പില്ലായ്മ കൊണ്ട് പ്രശ്നങ്ങൾ കൂടുതല്‍ വഷളാകുകയും ചെയ്തിരിക്കുന്നു.

2021-22 ലേക്കുള്ള കേന്ദ്ര ബജറ്റില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനും ആരോഗ്യ ഗവേഷണ, ആയുഷ് മന്ത്രാലയത്തിനുമെല്ലാം ചേര്‍ന്നുകൊണ്ട് 76901 കോടി രൂപയാണ് ധനകാര്യമന്ത്രി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ വകയിരുത്തലുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം കൂടുതലാണിത്. കഴിഞ്ഞ 4 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന എന്നും പറയാം. എന്നിരുന്നാലും സര്‍ക്കാരിന്‍റെ മൊത്തത്തിലുള്ള ചെലവിടലിന്‍റെ ഒരു ഭാഗം എന്ന നിലയില്‍ നോക്കുമ്പോള്‍ അത് ഏതാണ്ട് 2.21 ശതമാനം എന്ന നിലയില്‍ തന്നെ നില്‍ക്കുന്നതായാണ് കാണുന്നത്. അതായത് 2020-21 ബജറ്റിലേതിനു സമാനം. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് മാത്രമായി 71268 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനേക്കാള്‍ 9 ശതമാനം എന്ന നിലയിലുള്ള തരക്കേടില്ലാത്ത വര്‍ദ്ധനയാണിത്. ആയുഷിന് 2970 കോടി രൂപയും, ആരോഗ്യ ഗവേഷണ വകുപ്പിന് 2663 കോടി രൂപയുമാണ് യഥാക്രമം നീക്കിവെച്ചിരിക്കുന്നത്. മൊത്തത്തില്‍ നോക്കുമ്പോള്‍ സര്‍ക്കാരിന്റെ മൊത്ത ചെലവിടലിന്‍റെ വെറും 2.21 ശതമാനം മാത്രമാണ് ആരോഗ്യ മേഖലക്ക് നീക്കിവെച്ചിരിക്കുന്നത് എന്നു വരുന്നു. അതുകൊണ്ടു തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വന്‍ തോതില്‍ പണം ചെലവിടേണ്ടി വരുന്ന രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുവാന്‍ പര്യാപ്തമല്ല ഈ വര്‍ഷത്തെ ബജറ്റ് എന്നു തന്നെ പറയാം. കടം വാങ്ങിയും മറ്റും സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിക്കേണ്ട തുക 63 ശതമാനമായാണ് നില്‍ക്കുന്നത്. ഇത് കോടികണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന കാര്യത്തില്‍ സംശയമില്ല.

ആരോഗ്യം, കുടുംബക്ഷേമം, ആയുഷ്, ആരോഗ്യ ഗവേഷണം എന്നിവയ്ക്കുള്ള ചെലവിടല്‍

2018-19-ലെ യഥാര്‍ത്ഥ കണക്ക്

2019-20-ലെ യഥാര്‍ത്ഥ കണക്ക്

2020-21 ബജറ്റ് വകയിരുത്തല്‍

2020-21 -ലെ യഥാര്‍ത്ഥ ചെലവിടല്‍

2020-22-ലെ ബജറ്റ് വകയിരുത്തല്‍

ആരോഗ്യ ചെലവിടല്‍ (കോടിയില്‍)

സര്‍ക്കാറിന്‍റെ മൊത്ത ചെലവിടലിലെ പങ്ക് (ശതമാനത്തില്‍)

ആരോഗ്യ, ക്ഷേമ പരിപാടികളുടെ കീഴില്‍ പി എം ആത്മനിര്‍ഭര്‍ സ്വസ്ഥ ഭാരത് യോജന പ്രഖ്യാപിച്ചിരിക്കുന്നത് ഒരു അഭിനന്ദനീയമായ കാര്യം തന്നെയാണ്. വളര്‍ച്ചയും, സ്വയം പര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള ആറു തൂണുകളിലൊന്നാണിത്. 6 വര്‍ഷത്തെ കാലയളവിലേക്ക് ഇതിനായി 64180 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ഗ്രാമീണ, നഗര ആരോഗ്യം, ക്ഷേമ കേന്ദ്രങ്ങള്‍ എന്നിവയ്ക്കുള്ള പിന്തുണ എന്ന നിലയിലും, പൊതു ജനാരോഗ്യ ലബോറട്ടറികള്‍ കെട്ടിപടുക്കുന്നതിനും, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പൊതുജനാരോഗ്യ യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും, രോഗ നിയന്ത്രണങ്ങള്‍ക്കുള്ള ദേശീയ കേന്ദ്രത്തെ ശക്തിപ്പെടുത്തുന്നതിനുമൊക്കെയാണ് ഈ പണം ചെലവിടുക. പ്രാഥമിക പരിപാലനം ശക്തിപ്പെടുത്തുകയും, പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള നടപടികളായിരിക്കും ഇതിന്‍റെ ഭാഗമായി ഉണ്ടാവുക. അടിസ്ഥാന ആരോഗ്യ പരിപാലനം, നിരീക്ഷണ സംവിധാനങ്ങള്‍, പൊതുജനാരോഗ്യ പരിപാടികള്‍ എന്നിവയ്ക്ക് വേണ്ടി നമ്മള്‍ കൂടുതല്‍ മുതല്‍ മുടക്കാന്‍ തയ്യാറായില്ലെങ്കില്‍ അത് ഉണ്ടാക്കാന്‍ പോകുന്ന ക്ഷതം വളരെ വലുതായിരിക്കും എന്നുള്ള കറുത്ത യാഥാര്‍ത്ഥ്യമാണ് കൊവിഡ്-19 മഹാമാരി നമുക്ക് കാട്ടിതന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ വീണ്ടും പൊട്ടി പുറപ്പെടുന്നത് കൈകാര്യം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് സഹായകരമായ ശരിയായ പാതയിലുള്ള നടപടികള്‍ തന്നെയാണ് ഇവ. പക്ഷെ അതിനു വേണ്ടി നീക്കിവെച്ചിരിക്കുന്ന തുക ഒട്ടും തന്നെ മതിയാകുന്നതല്ല. വിവിധ പരിപാടികള്‍ക്ക് വേണ്ടി അത് വിഭജിച്ചു പോകുമ്പോള്‍ തീരെ കനം കുറഞ്ഞതായി മാറുന്നു. കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് വേണ്ടി 35000 കോടി രൂപ അധികം നീക്കി വെച്ചിട്ടുണ്ട്. ജനസംഖ്യയുടെ വലിയ ഒരു വിഭാഗത്തിന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുവാന്‍ പര്യാപ്തമാണ് ആ തുക എന്നതിനാല്‍ തീര്‍ച്ചയായും അത് നല്ലൊരു കാര്യം തന്നെ. എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നുവോ അത്രയും അത് സമ്പദ് വ്യവസ്ഥക്ക് ഗുണമാകും. കാരണം കൂടുതല്‍ ആളുകള്‍ ഉല്‍പ്പാദന പ്രക്രിയകളില്‍ പങ്കാളികളാകുവാന്‍ അതുവഴി സ്വതന്ത്രരാവുകയും അത് സാമ്പത്തിക വളര്‍ച്ചയിലേക്ക് സംഭാവന നല്‍കുകയും ചെയ്യും.

അതുപോലെ ജനങ്ങളിൽ ആരോഗ്യം കൊണ്ടു വരുന്നതിനുള്ള സാമൂഹിക കരുതലുകള്‍ക്ക് വേണ്ടി നല്ലൊരു തുക ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നു എന്നും കാണാം. ആരോഗ്യത്തിന്‍റെയും ക്ഷേമത്തിന്‍റെയും മുഖ്യ ഭാഗങ്ങളായിട്ടുള്ള പോഷകാഹാരം, കുടിവെള്ളം, ശുചിത്വ പരിപാടികള്‍ എന്നിവയ്ക്ക് വേണ്ടിയാണ് ഈ പണം. കുടിവെള്ളത്തിനും ശുചിത്വ പരിപാടികള്‍ക്കും വേണ്ടി മൊത്തത്തില്‍ നീക്കി വെച്ചിരിക്കുന്ന തുക 2020-21 ബജറ്റിലെ 21518 കോടി രൂപ എന്ന നിലയില്‍ നിന്നും ഇപ്പോള്‍ ഗണ്യമാംവിധം ഉയര്‍ന്ന് 60030 കോടി രൂപയിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ നീക്കി വെച്ച തുകയേക്കാള്‍ ഏതാണ്ട് മൂന്നിരട്ടി കൂടുതലാണിത്. എന്നാല്‍ ഇതിനു നേരെ വിരുദ്ധമായി കഴിഞ്ഞ ബജറ്റില്‍ നീക്കി വെച്ചതിനേക്കാള്‍ കുറഞ്ഞ തുകയാണ് ഇത്തവണ പോഷകാഹാരത്തിനായി വകയിരുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റ് വകയിരുത്തലുകളുടെ തോത് കണക്കിലെടുക്കുമ്പോൾ എന്‍ എഫ് എച്ച് എസ് വി വെളിവാക്കിയ തരത്തില്‍ പോഷകാഹാര സൂചകങ്ങളിലേക്കുള്ള ഇന്ത്യയുടെ പുരോഗതി ഇനിയും സാന്ദര്‍ഭികമാക്കി മാറ്റേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് എവിടെയാണ് തെറ്റുപറ്റിയതെന്നും, ഇന്ത്യയിലെ ഏറ്റവും പുരോഗതി പ്രാപിച്ച സംസ്ഥാനങ്ങളില്‍ മിക്കവയിലും മനുഷ്യ വളര്‍ച്ച സ്തംഭിച്ചു പോയിരിക്കുന്നു എന്നുമുള്ള കാര്യം മനസ്സിലാക്കുക വലിയ പ്രയാസമായിരിക്കുന്നു. അതായത് പ്രായത്തിനനുസരിച്ചുള്ള ഉയരം ഇല്ലാതാകലും അമിതമായി ഭാരം കുറയലും പോലുള്ള പ്രശ്‌നങ്ങള്‍. ഈ ബജറ്റില്‍ “മിഷന്‍ പോഷണ്‍ 2.0” എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് ഒരുപക്ഷെ പോഷാകാഹാര മേഖലക്ക് വന്‍ കുതിപ്പ് നല്‍കിയേക്കും. എന്നാല്‍ അതേ കുറിച്ച് എന്തെങ്കിലും ഇപ്പോള്‍ പറയുവാന്‍ കഴിയുകയില്ല.

അതിലുപരി എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ ആരോഗ്യ, ക്ഷേമ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള വകയിരുത്തലുകള്‍ വിതരണം ചെയ്യപ്പെടുന്നത് സൂചിപ്പിക്കുന്നത് ധനകാര്യ കമ്മീഷന്‍റെ ഗ്രാന്‍ഡുകള്‍ക്ക് പുറമെ ഏതാണ്ട് 40 ശതമാനം ആരോഗ്യ മേഖലക്ക് മാത്രം ലഭിക്കുന്നു എന്നതാണ്. കുടിവെള്ളത്തിനും ശുചിത്വത്തിനും വേണ്ടി മൊത്തത്തില്‍ ലഭിക്കുന്നത് സാമാന്യം തരക്കേടില്ലാത്തവിധം 43 ശതമാനമാണ്. ആരോഗ്യത്തിനും ക്ഷേമത്തിനുമായി 137 ശതമാനം വകയിരുത്തല്‍ വര്‍ദ്ധിച്ചിരിക്കുന്നു എന്നത് ഒരു വന്‍ കുതിപ്പ് തന്നെയാണ്. ആരോഗ്യത്തേയും അതോടൊപ്പം തന്നെ ആരോഗ്യത്തിന് കാരണമാകുന്ന സാമൂഹിക ഘടകങ്ങളേയും അതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് എന്നതു തന്നെ പ്രധാനമായ ഒരു കാര്യമാണ്.

ആരോഗ്യ, ക്ഷേമ വകയിരുത്തല്‍ വിതരണം (ശതമാനത്തില്‍)

34.35, ആരോഗ്യവും കുടുംബ ക്ഷേമവും, ആയുഷും ഗവേഷണവും

15.64 പ്രതിരോധ കുത്തിവെയ്പ്പുകള്‍

1.21 പോഷകാഹാരങ്ങള്‍

16.09 ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡുകള്‍, കുടിവെള്ളം, ശുചിത്വം

ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡുകള്‍, ആരോഗ്യം, 6 ശതമാനം

26.82 കുടിവെള്ളവും ശുചിത്വവും

ആരോഗ്യം ഒരു മുഖ്യമായ തൂണാണെന്ന് മാത്രമല്ല, ആരോഗ്യ പരിപാലന വെല്ലുവിളികള്‍ പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു എന്നതിനാല്‍ ഇപ്പോൾ നല്‍കിയിരിക്കുന്ന പരിഗണനകള്‍ തീര്‍ച്ചയായും കൃത്യമായവ തന്നെയാണ്. 2018-ല്‍ പിഎംജെഎ വൈ പദ്ധതിയുടെ പ്രഖ്യാപനം ആരോഗ്യ മേഖലയെ രാഷ്ട്രീയ സംവാദങ്ങളുടെ ഭാഗമാക്കി മാറ്റുകയും 2020-ലെ ആരോഗ്യം മോശപ്പെട്ട കാരണം മൂലം വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ കുതിപ്പ് തടയപ്പെട്ടുകൂടാ. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പണം ചെലവഴിക്കല്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ സാമ്പത്തിക സര്‍വെയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ജി ഡി പി യുടെ 2.5 മുതല്‍ 3 ശതമാനം വരെയുള്ള പൊതു ചെലവിടല്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളൂ. ലോകത്തെ മറ്റ് ഒട്ടനവധി വികസിത, വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യ മേഖലക്ക് വേണ്ടി വളരെ കുറഞ്ഞ തോതില്‍ മാത്രം പൊതു പണം ചെലവിടുന്ന രാജ്യം എന്ന ഇന്ത്യയുടെ പ്രതിഛായ മാറ്റി മറിക്കേണ്ടിയിരിക്കുന്നു. കാരണം രാജ്യത്തെ പൊതു ജനാരോഗ്യ വ്യവസ്ഥയുടെ ഇന്നത്തെ ദുരവസ്ഥയ്ക്കുള്ള കാരണങ്ങളില്‍ ഒന്നാണ് അത്.

ലേഖകന്‍ ഭുവനേശ്വറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിൽ(ഐ ഐ പി എച്ച് പി) അഡീഷണല്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുകയാണ്. ഈ ലേഖനത്തില്‍ ആവിഷകരിച്ചിരിക്കുന്ന അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. ലേഖകന്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തിന്‍റെ അഭിപ്രായത്തെ അത് പ്രതിനിധീകരിക്കുന്നില്ല.

ABOUT THE AUTHOR

...view details