അമരാവതി:സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ഡോക്ടറുടെ മൊഴി രേഖപ്പെടുത്താൻ വിശാഖപട്ടണം സെഷൻസ് ജഡ്ജിക്ക് നിർദേശം നൽകി ആന്ധ്രാപ്രദേശ് ഹൈക്കോടതി. കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് എൻ 95 മാസ്കുകൾ നൽകാത്തതിൽ സർക്കാരിനെ പരസ്യമായി വിമർശിച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പാണ് നർസിപട്ടണം ഏരിയ ആശുപത്രിയിലെ സിവിൽ അസിസ്റ്റന്‍റ് സർജൻ ഡോ. സുധാകർ റാവുവിനെ സസ്‌പെൻഡ് ചെയ്തത്. സർക്കാർ ആശുപത്രിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഡോ. കെ. സുധാകർ റാവുവിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ പ്രസ്താവന രേഖപ്പെടുത്താൻ ഹൈക്കോടതി സെഷൻസ് ജഡ്ജിയോട് നിർദ്ദേശിച്ചു. ഡോക്ടറുടെ പ്രസ്താവന വ്യാഴാഴ്ച വൈകുന്നേരത്തോടെ സമർപ്പിക്കണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.
രണ്ടാഴ്‌ച മുമ്പ് ഡോ. സുധാകര്‍ റാവുവിനെ പൊലീസ് റോഡിലിട്ട് മര്‍ദിച്ചിരുന്നു. ഡോക്ടറെ മര്‍ദ്ദിച്ച സംഭവം, അറസ്റ്റ്, മാനസിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.സസ്‌പെന്‍ഷനെ തുടര്‍ന്ന് മെയ് 16 ന് പരസ്യമായി മോശമായ ഭാഷയിൽ സംസാരിച്ചതിനാണ് വിശാഖപട്ടണം പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
അര്‍ധനഗ്നനായി റോഡിൽ കിടന്ന് അസഭ്യം പറഞ്ഞ ഡോക്ടറെ പൊലീസുകാര്‍ വലിച്ചിഴച്ച് ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കിംഗ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി, അവിടെ നിന്നും അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെക്ക് മാറ്റുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 353 (പൊതുസേവകനെ ചുമതല നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ആക്രമണം), 427 എന്നിവ പ്രകാരം ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.