ലഖ്‌നൗ:ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി മരിച്ച 19കാരിയായ ദലിത് യുവതിയുടെ കുടുംബാംഗങ്ങൾ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന് മുന്നിൽ ഹാജരാകും. ഹത്രാസ് പെൺകുട്ടിയുടെ കുടുംബാംഗത്തെ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് നോഡൽ ഓഫീസറായി ഹത്രാസ് ജില്ലാ ജഡ്ജിയെ നിയമിച്ചതായി പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു. എത്ര കുടുംബാംഗങ്ങൾ പോകണം, അവർ ഹത്രാസിൽ നിന്ന് പുറപ്പെടുന്ന സമയം എന്നതുമായി ബന്ധപ്പെട്ട് പൊലീസും ജില്ലാ ഭരണകൂടവും വിശദമായ പദ്ധതി തയ്യാറാക്കുന്നുണ്ട്.
ഹത്രാസ് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഹാജരാകും - Lucknow bench of Allahabad HC
ഹത്രാസ് പെൺകുട്ടിയുടെ കുടുംബാംഗത്തെ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് നോഡൽ ഓഫീസറായി ഹത്രാസ് ജില്ലാ ജഡ്ജിയെ നിയമിച്ചതായി പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു.
കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പെൺകുട്ടിയുടെ വീട്ടിൽ അറുപത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. ആവശ്യമെങ്കിൽ അവിടെ കൺട്രോൾ റൂമും സ്ഥാപിക്കുമെന്ന് ലഖ്‌നൗവിൽ നിന്ന് ഹത്രാസിലേക്ക് നോഡൽ ഓഫീസറായി അയച്ച ഡിഐജി ശലഭ് മാത്തൂർ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
സിസിടിവി ക്യാമറകളുടെ സഹായത്തോടെ പെൺകുട്ടിയുടെ വീട് മുഴുവൻ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിൽ എത്തുന്ന സന്ദർശകരുടെ രജിസ്റ്റർ പൊലീസുകാർ സൂക്ഷിക്കുന്നുണ്ടെന്ന് ഹത്രാസ് എസ്പി പറഞ്ഞു.