ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കവും തുടരുകയാണ്. പുലർച്ചെയോടെയാണ് സംസ്കാരം നടന്നത്. പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്കാരത്തിനായി കൊണ്ട് പോകുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ കുടുംബത്തിന്‍റെ സമ്മതത്തോടെയാണ് സംസ്കാരം നടന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് അന്ത്യകർമങ്ങൾ ചെയ്യാനുള്ള അവകാശം പോലും നിഷേധിച്ചതിനെതിരെ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് ആഞ്ഞടിച്ചു. ഹത്രാസ് ബലാത്സംഗത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
മരിച്ച പെൺകുട്ടിയോടുള്ള മര്യാദ പോലും യുപി സർക്കാർ കാണിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ കഴിയാത്തവർ കുറ്റവാളികളെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടി മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ താൻ ഹാത്രാസ് ഇരയുടെ പിതാവുമായി ഫോണിൽ സംസാരിച്ചിരുന്നതായും നിരാശയോടെ അദ്ദേഹം നിലവിളിക്കുന്നത് കേട്ടതായും പ്രിയങ്ക പറഞ്ഞു. തന്‍റെ കുട്ടിക്ക് നീതി ലഭിക്കണമെന്ന് പിതാവ് കരഞ്ഞ് പറഞ്ഞതായും പ്രിയങ്ക വ്യക്തമാക്കി. അവൾ ജീവിച്ചിരുന്നപ്പോൾ സർക്കാർ അവളെ സംരക്ഷിച്ചില്ല. പകരം ആക്രമിക്കപ്പെട്ടപ്പോൾ സർക്കാർ അവള്‍ക്ക് സമയബന്ധിതമായ ചികിത്സ നൽകിയില്ല. മരണശേഷമാകട്ടെ, മകളുടെ അന്ത്യകർമങ്ങൾ നടത്താനുള്ള കുടുംബത്തിന്‍റെ അവകാശം പോലും സർക്കാർ ഇല്ലാതാക്കിയതായും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ ഭരണത്തിൽ നീതിയില്ല, അനീതി മാത്രമാണ് നടക്കുന്നതെന്ന് ആദിത്യനാഥിനെ ടാഗുചെയ്ത് രാജിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.